
വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിട്ടയച്ചു. ലൈഫ് മിഷനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ചോദിച്ചത് സ്വപ്നയെക്കുറിച്ചെന്ന് സരിത്
പാലക്കാട്: സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സരിത്തിനെ മൂന്ന് മണിക്കൂറിന് ശേഷം വിജിലന്‍സ് വിട്ടയച്ചു. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ എന്ന പേരിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിലും ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്ന് സരിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ ആര് പറഞ്ഞിട്ടായിരുന്നു എന്നാണ് ചോദിച്ചത്. വാതില്‍ തുറന്നയുടെന്‍ ബലമായി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ചെരിപ്പ് ഇടാന്‍ പോലും അനുവദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. 16ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ഇന്ന് നോട്ടീസ് നല്‍കി. ഫോണ്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റില്‍ നിന്ന് സരിത്തിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്നയാണഅ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.