
വിജയ് ബാബുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. അറസ്റ്റിലുള്ള വിലക്ക് അതുവരെ തുടരും . ഇന്ന് ഉച്ചക്കാണ് വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരുന്നത് . എന്നാൽ സർക്കാരിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റൈനിലിൽ ആയതിനെത്തുടർന്ന് സർക്കാർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ സമയം നീട്ടി ചോദിച്ചിരുന്നു. അതിൻ പ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത് .
വിജയ് ബാബുവിന് മെയ് 31 ന് അനുവദിച്ച ഇടക്കാല ജാമ്യം വെള്ളിയാഴ്ചവരെ തുടരും . പോലീസിനോട് പൂർണമായും സഹകരിക്കണമെന്നും പരാതിക്കാരിയെ കാണണോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നുംകോടതിയുടെ കർശന നിർദ്ദേശത്തോടെയാണ് വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത് . എന്നാൽ അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല എന്നാണ് പോലീസ് പറയുന്നത് . ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധം ഉണ്ടായതെന്ന ഉറച്ച നിലപാടിൽ ആണ് വിജയ് ബാബു . കേസിൽ 30 ഓളം പേരുടെ മൊഴിയെടുത്തെന്നും വിജയ് ബാബുവിന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു .