
‘വാഹനം വിട്ടുനല്‍കിയില്ലെങ്കിൽ കൈ വെട്ടിക്കളയും’; നഗരസഭാ ഓഫീസിൽക്കയറി CITU നേതാവിന്റെ ഭീഷണി
പത്തനംതിട്ട നഗരസഭാ ജീവനക്കാരനെ സിഐടിയു നേതാവ് ഓഫീസില്‍ക്കയറി ഭീഷണിപ്പെടുത്തിയതായി പരാതി. അനധികൃത മീന്‍ കച്ചവടം തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഭീഷണി. മുന്‍ കൗണ്‍സിലറും സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ സക്കീര്‍ അലങ്കാരത്തില്‍ ഓഫീസിലെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അനധികൃതമായി മീന്‍ വില്‍പ്പന നടത്തിയ രണ്ട് വാഹനങ്ങള്‍ മീന്‍ സഹിതം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരോഗ്യ വിഭാഗം ജീവനക്കാര്‍ പിടിച്ചെടുത്തിരുന്നു. മീനും വാഹനവും വിട്ടുനല്‍കാനുള്ള രാഷ്ട്രീയ സമ്മര്‍ദം ജീവനക്കാര്‍ക്കുമേല്‍ ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ അതിന് വഴങ്ങിയിരുന്നില്ല. മീന്‍ മാത്രം വിട്ടുനല്‍കാമെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നെങ്കിലും മീന്‍ മാത്രമായി വേണ്ടെന്നും വാഹനവും വിട്ടുകിട്ടണമെന്ന നിലപാടില്‍ കച്ചവടക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സക്കീര്‍ അലങ്കാരത്തില്‍ ഓഫീസിലെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.40-ഓടെ ഓഫീസിലെത്തി ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ടായ ദീപുവിന് നേരെയാണ് സക്കീര്‍ തട്ടിക്കയറിയത്. വാഹനങ്ങള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ കൈ വെട്ടിക്കളയുമെന്ന് സക്കീര്‍ ഭീഷണി മുഴക്കുന്നതും വീഡിയോയിൽ കേള്‍ക്കാം.