
വന്ദേഭാരത് കൊള്ളാം, നല്ല വണ്ടി; സില്‍വര്‍ ലൈനിന് ബദലാകില്ല- കടകംപള്ളി
വന്ദേഭാരത് എക്സ്പ്രസ് ഒരിക്കലും സില്‍വര്‍ ലൈനിന് ബദലാകില്ലെന്ന് മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കടകംപള്ളി സുരേന്ദ്രന്. പുതിയ വണ്ടി കിട്ടിയതില്‍ സന്തോഷമുണ്ട്. വര്‍ഷങ്ങളായി നമ്മള് ആഗ്രഹിക്കുന്നതാണിത്. അത് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസിനകത്ത് കയറിയ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കൊള്ളാം’ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ‘കൊള്ളാം. പുതിയ വണ്ടിയല്ലേ, നല്ല വണ്ടി. ഇതിന് മുന്‍പ് ചില പുതിയ വണ്ടികള്‍ വന്നപ്പോഴും ഇതുപോലെയായിരുന്നു. 14-ാമത്തെ തവണയാണെങ്കിലും നമുക്ക് കിട്ടിയല്ലോ. സന്തോഷമുണ്ട്. എന്നാല്‍ കേരളത്തിനകത്ത് എഴുപത് കിലോമീറ്ററില്‍ കൂടുതല്‍ ഓടാന്‍ വിഷമമാണ്. അത് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞല്ലോ. അവിടെയാണ് സില്‍വര്‍ ലൈനിന്റെ പ്രസക്തി നമ്മുടെ മുന്നില്‍ സജീവമായി വരുന്നത്’, അദ്ദേഹം പറഞ്ഞു.
‘വന്ദേഭാരത് ഒരിക്കലും സില്‍വര്‍ ലൈനിന് ബദല്‍ അല്ല. ഏഴ്-എട്ട് മണിക്കൂര്‍ വേണ്ടേ കണ്ണൂര്‍ വരെ എത്താൻ. മൂന്നുമണിക്കൂര്‍ കൊണ്ട് അല്ലെങ്കില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന ഒരു അതിവേഗ ട്രെയിനാണല്ലോ നമ്മുടെ ആഗ്രഹം. ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി. നമുക്ക് നിശ്ചയമായും സന്തോഷമുള്ള കാര്യം. വളരെ വര്‍ഷങ്ങളായി നമ്മള് ആഗ്രഹിക്കുന്നത്. തന്നതില്‍ സന്തോഷം’, കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.