വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഓഗസ്റ്റ് 11 ന്

കോഴിക്കോട്: വനം വകുപ്പിന്റെ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആഗസ്റ്റ് 11-ന് രാവിലെ 11.00 മണിയ്ക്ക് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വനം – വന്യജീവി വകുപ്പുമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

റേഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിക്കുന്ന പക്ഷം അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പികയ്ക്കുന്നതും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. അര്‍ഹരാണെന്നു കാണുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പുതന്നെ ഏര്‍പ്പെടുത്തുന്നതാണ്.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ ജൂണ്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനകം വളരെയേറെ ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ബഹു: മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകം പരിശോധിച്ച് തീര്‍പ്പാക്കാന്‍ ആഗസ്റ്റ് ഒന്നിന് മന്ത്രി വിളിച്ചുചേര്‍ത്ത  യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആഗസ്റ്റ് 11, 25, 26, 30, സെപ്തംബര്‍ 1 തീയതികളില്‍ യഥാക്രമം കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളില്‍ വച്ച് സര്‍ക്കിള്‍ തല അദാലത്തുകളും നടത്തുവാനാണ് തീരുമാനം.
സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous post ഗവര്‍ണറുമായി സ​ര്‍​ക്കാ​ര്‍ നല്ല ബ​ന്ധം നിലനിര്‍ത്തും: ആ​ര്‍.​ബി​ന്ദു
Next post നിതീഷ് കുമാർ രാജിവച്ചു