ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക്

പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഇത്തരം പരീക്ഷണങ്ങൾ ഇല്ലാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. പരീക്ഷകൾ എഴുതാതിരിക്കാൻ ഓരോ മാർഗങ്ങൾ കണ്ടെത്തുന്നവർക്കിടയിൽ മാതൃകയാവുകയാണ് ബീഹാറിൽ നിന്നുള്ള ഒരു യുവതി. പ്രസവം കഴിഞ്ഞയുടൻ ബോർഡ് പരീക്ഷ എഴുതാനെത്തിയ 22 കാരിയുടെ കഥ ഇപ്പോൾ വൈറലാവുകയാണ്.

ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണി കുമാരി(22) എന്ന യുവതിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട രുക്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു ആൺകുഞ്ഞിന് ജനം നൽകി. വേദനയിൽ പുളയുമ്പോഴും ബുധനാഴ്ച നടക്കാനിരുന്ന സയൻസ് പരീക്ഷയെ കുറിച്ചായിരുന്നു രുക്മിണിയുടെ ചിന്ത. തനിക്ക് പരീക്ഷയുണ്ടെന്നും പോകാൻ അനുവദിക്കണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടു.

പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെ ആംബുലൻസിൽ രുക്മിണി പരീക്ഷാകേന്ദ്രത്തിൽ എത്തി. “ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുമ്പോൾ മുതൽ തനിക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അടുത്ത ദിവസം നടക്കാനിരുന്ന സയൻസ് പേപ്പറിനെ കുറിച്ചായി അടുത്ത ടെൻഷൻ. പക്ഷേ, രാത്രി ഏറെ വൈകി എന്നെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു, പിറ്റേന്ന് രാവിലെ 6 മണിക്ക് എന്റെ മകൻ ജനിച്ചു.”- രുക്മിണി പിടിഐയോട് പറഞ്ഞു.

“മകൻ നന്നായി പഠിച്ച് വളർന്ന് മാർക്ക് നേടണമെന്നാണ് എൻ്റെ ആഗ്രഹം. നാളെ അവന് മുന്നിൽ ഞാൻ ഒരു മാതൃകയായി വരണമെങ്കിൽ എന്റെ പഠനത്തിൽ ഞാനും ശ്രദ്ധിക്കണം.”- രുക്മിണി കൂട്ടിച്ചേർത്തു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഫലമാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പവൻകുമാർ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട രുക്മിണി എല്ലാവർക്കും പ്രചോദനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹശേഷം പഠനം ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് രുക്മിണി.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒഴിവ് നികത്താന്‍- കെ.സുരേന്ദ്രന്‍
Next post ‘ഇസ്രായേലിൽ കൂലിപ്പണിക്ക് പോലും ദിവസം 15,000 രൂപ ലഭിക്കും’; ബിജു മുങ്ങിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം