
ലത്തി’യുടെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം കർഷകർക്ക്; പ്രഖ്യാപനവുമായി വിശാൽ
സിനിമാതാരം എന്നതിലുപരി ജീവകാരുണ്യപ്രവർത്തകൻ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് തമിഴ്നടൻ വിശാൽ. പുതിയ ചിത്രമായ ലത്തി റിലീസിന് തയ്യാറെടുക്കവേ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. ലത്തിയുടെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കർഷകർക്ക് നൽകുമെന്നാണ് വിശാൽ അറിയിച്ചിരിക്കുന്നത്.
‘ലത്തി’യുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് വിശാൽ ഇക്കാര്യം പ്രഖ്യാപിച്ചത്. കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. അതിനാലാണ് അവരെ സഹായിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായല്ല വിശാൽ കർഷകരെ സഹായിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ കളക്ഷനിൽ നിന്നുള്ള ഒരു വിഹിതം താരം കർഷകസംഘത്തിന് നൽകിയിരുന്നു.
നവാഗതനായ എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ‘ലത്തി’ ആക്ഷൻ ചിത്രമായാണ് ഒരുങ്ങിയിരിക്കുന്നത്. യു.എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സുനൈനയാണ് നായിക. യുവൻ ശങ്കർ രാജ സംഗീതസംവിധാനവും പീറ്റർ ഹെയിൻ സംഘട്ടനവും ബാലസുബ്രഹ്മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഈ മാസം 22-നാണ് ലത്തി തിയേറ്ററുകളിലെത്തുന്നത്.