
രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞിട്ടും പൂർണമായി ഭേദമായില്ല; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രചന നാരായണൻകുട്ടി
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി നടി രചനാ നാരായണന്‍കുട്ടി. ഡെങ്കിപ്പനി ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം. രോഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും, ഇപ്പോൾ 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും മുഴുവനായും ഭേദമായിട്ടില്ലെന്നും രചന പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ താരം രോഗവിവരത്തെ കുറിച്ച് പറഞ്ഞത്.
“നമ്മുടെ എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കിപ്പനി. അതുകൊണ്ടുതന്നെ എല്ലാവരും സ്വയം ശ്രദ്ധിക്കണം. രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം. നല്ല ഭക്ഷണം കഴിക്കണം. അങ്ങനെ രക്തത്തിന്റെ അളവ് ഉയര്‍ത്താം.”
തന്റെ കഥ വളരെ ദീര്‍ഘമേറിയതായതിനാൽ അത് വിവരിക്കുന്നില്ല. പക്ഷെ ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണം. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. തന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നുവെന്നും രചന പറഞ്ഞു.
ആശുപത്രിയിൽ നിന്നെടുത്ത ഫോട്ടോകളും രചന പോസ്റ്റിനോപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന വ്യക്തമാക്കി.