
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച കേസിൽ 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് കൽപ്പറ്റ സിജെഎം കോടതി. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. ഇവർ വ്യാഴാഴ്ച ജയിൽ മോചിതരാകും.
വയനാട് കൽപ്പറ്റയിലെ കൈനാട്ടി റിലയൻസ് പന്പിനു സമീപമുള്ള ഓഫീസാണ് എസ്എഫ്ഐക്കാർ ആക്രമിച്ചത്. പ്രകടനമായെത്തിയാണ് എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ തള്ളിക്കയറി നാശനഷ്ടം വരുത്തിയത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ മാർച്ച്.
ഇരുനൂറിലേറെ എസ്എഫ്ഐക്കാരാണു പ്രകടനത്തിലുണ്ടായിരുന്നത്. ഈസമയം ഓഫീസ് പരിസരത്ത് ഏതാനും പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഇവർ നോക്കിനിൽക്കെയായിരുന്നു എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ കടന്നത്.
കാബിൻ, ഫർണിച്ചർ തുടങ്ങിയവ അടിച്ചുതകർത്ത അക്രമികൾ ഓഫീസിൽ വാഴത്തൈ നാട്ടി. സംഭവം അറിഞ്ഞെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
