
രാഹുല്‍ ഗാന്ധിയുടെ മുസ്ലിം ലീഗ് പരാമര്‍ശം, പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി; ‘അനുഭവത്തില്‍ നിന്നുള്ളത്’
മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പരാമര്‍ശനം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിന്റെ വഴികളില്‍ എവിടെയും വര്‍ഗീയതയോ വിഭാഗീയതയോ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് ലീഗാണ്. മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള ലീഗ് പ്രവര്‍ത്തനത്തെ എതിരാളികള്‍ പോലും അംഗീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.

ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തോട് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയെയാണ് രാഹുല്‍ ഗാന്ധി മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന് ചൂണ്ടികാട്ടിയത്. മുസ്ലീംലീഗ് മതേതര പാര്‍ട്ടിയാണ്. അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്‌ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി ജെ പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗെന്നാണ് ബി ജെ പി വക്താവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചത്. വിഭജനം നടന്നത് മതത്തിന്റെ പേരിലാണെന്നും ആ ലീഗിനെയാണ് രാഹുല്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു. ലീഗ് മുസ്ലീങ്ങളുടെ പാര്‍ട്ടി മാത്രമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചത്. ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐ എസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാര്‍ട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ലെന്നും കണ്ണന്താനം ദില്ലിയില്‍ പറഞ്ഞു.