
രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം: നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: സോണിയാ ഗാന്ധിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ഇഡി ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച കെ.സി. വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയ നേതാക്കൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ ഇ ഡിക്ക് മുന്നിൽ ഹാജരാകുന്ന സമയം കോൺഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചു. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.
ചോദ്യം ചെയ്യൽ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ട്രെയിനുകൾ തടഞ്ഞു. ചെന്നൈ സെൻട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുകളിൽ കയറിയ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇഡിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ഇവരെ അനുനയിപ്പിക്കാൻ പോലീസും റെയിൽവേ പോലീസും ശ്രമിച്ചുവെങ്കിലും വഴങ്ങാൻ ഇവർ കൂട്ടാക്കിയില്ല. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
ഉച്ചയ്ക്ക് 12മണിയോടെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം വാഹനത്തിലാണ് സോണിയ ഇ ഡി ഓഫീസാലെത്തിയത്. പാർട്ടി എം പിമാരും കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും സോണിയയെ അനുഗമിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുൾപ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് പാർട്ടി പ്രവർത്തകർ സോണിയാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തുകയായിരുന്നു