രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍

2017ലാണ് ജസിന്‍ഡ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റടുക്കുമ്പോള്‍ 37 വയസ്സുള്ള ജസിന്‍ഡ അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വര്‍ഷം ഒക്ടോബര്‍ 14-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും പൊതുതിരഞ്ഞെടുപ്പ് വരെ എം.പി. സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു.

ഇത്തരത്തില്‍ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. എപ്പോള്‍ നയിക്കണമെന്ന് അറിയണമെന്നത് പോലെ തന്നെ എപ്പോള്‍ പിന്‍മാറണമെന്ന് അറിയുന്നതും ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. പദവിയോട് നീതിപുലര്‍ത്താനുള്ള വിഭവങ്ങള്‍ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ പദവി ഒഴിയാന്‍ സമയമായെന്നും ജസിന്ത ആര്‍ഡേണ്‍ യോഗത്തില്‍ അറിയിച്ചു.

‘ഞാന്‍ മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മള്‍ എല്ലാം നല്‍കുന്നു. എന്നാല്‍, എനിക്കിപ്പോള്‍ സമയമായി’- ജസിന്ത പറഞ്ഞു. കഴിഞ്ഞ വേനലവധിയില്‍ തനിക്ക് ഇനിയും സ്ഥാനത്തിരിക്കാനുള്ള ഊര്‍ജ്ജമുണ്ടോയെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍, അതില്ലെന്നാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ്‌ ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വളരെ സംതൃപ്തി നല്‍കുന്ന അഞ്ചര വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. എന്നാല്‍, വെല്ലുവിളികളും മുന്നിലുണ്ടായിരുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കലും, കുട്ടികളിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യലും കാലാവസ്ഥ മാറ്റവുമുള്‍പ്പെടെ വെല്ലുവിളികളായിരുന്നു. ഒരു ഭീകരാക്രമണവും പ്രകൃതിദുരന്തവും മഹാമാരിയും സാമ്പത്തിക ബുദ്ധിമുട്ടും ഇക്കാലത്ത് ഉണ്ടായെന്നും ജസിന്ത പറഞ്ഞു. അനുകമ്പ പ്രകടപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് തനിക്ക് ഇഷ്ടമെന്ന് രാജ്യം നിങ്ങളെ എങ്ങനെ ഓര്‍മ്മിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കവെ അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഡച്ച് പഠിച്ചാൽ ബൽജിയത്തിലേക്ക് പറക്കാം; മലയാളി നഴ്സുമാർക്കു സുവർണാവസരം
Next post കെ.വി.തോമസിന് കാബിനറ്റ് റാങ്ക്; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി