രണ്ടു വർഷത്തിന് ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി രണ്ടു വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് ജയില്‍ മോചനം. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു കാപ്പനെ യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചത്.

യു.എ.പി.എ. ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം നല്‍കിയത്. ഇതോടെയാണ് മോചനത്തിനുള്ള വഴി തുറന്നത്.

കൂടെ നിന്ന മാധ്യമങ്ങള്‍ക്ക് കാപ്പന്‍ നന്ദി പറഞ്ഞു. തനിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് മോചിതനായ ശേഷം കാപ്പന്‍ പ്രതികരിച്ചു.

പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കലാപം സൃഷ്ടിക്കാനാണ് കാപ്പനും ഒപ്പമുണ്ടായിരും ഹാത്രസിലേക്ക് പോയതെന്നായിരുന്നു പോലീസിന്റെ വാദം. അതേസമയം, അക്കൗണ്ടിലേക്കെത്തിയ 4,500 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്ന് കാണിച്ചാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published.

Previous post ബജറ്റ് അവതരണം 11 മണിയ്ക്ക് .
Next post അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജ നിക്കി ഹേലി.