യു കെ യിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

യുകെയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ . യുകെയിലെ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ 30 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഇതിനായി അഞ്ജുവിന്റെ കുടുംബം സുമനസുകളുടെ സഹായം തേടിയിരുന്നു.ഈ മാസം 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാന്‍വി എന്നിവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധിക്കാനായി സുഹൃത്തുക്കള്‍ വീട്ടിലെത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വീട് തുറന്ന് പരിശോധിക്കുന്നതിനിടെ മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അഞ്ജു നേരത്തെ തന്നെ മരിച്ചിരുന്നു. മക്കളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അഞ്ജുവിനെ ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാല്‍ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം

Leave a Reply

Your email address will not be published.

Previous post ‘പഠാന്’ തിരിച്ചടി, വിവാദ​ഗാനത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്
Next post ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്