
യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമിച്ചയാളെ പോലീസ് എത്തി കീഴ്പ്പെടുത്തി; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി
കൂടെ താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി. ശബ്ദം കേട്ട് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി വിഴിഞ്ഞം പയറ്റുവിളയിൽ ആയിരുന്നു സംഭവം.
യുവതിയെ ഉപദ്രവിച്ച നരുവാമ്മൂട് സ്വദേശി കരടി ഉണ്ണി എന്നു വിളിക്കുന്ന അനിൽകുമാറിനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് വധശ്രമക്കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അനിലും യുവതിയും യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും ഒരുമിച്ചായിരുന്നു പയറ്റുവിളയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്നത്.
വീട്ടിൽ വച്ച് അനിൽ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ യുവതി പിരിയാം എന്ന് ആവശ്യപ്പെട്ടു. ഇതിന്റെ പേരിലുണ്ടായ വൈരാഗ്യത്തിലാണ് ഇയാൾ യുവതിയെ മർദിച്ചത്. ആദ്യം മർദിച്ച ശേഷം ഇറങ്ങിപ്പോയ അനിൽ രാത്രി തിരികെ വന്ന് വീണ്ടും മർദിച്ചു. തുടർന്ന് ഇവരെ പീഡിപ്പിച്ചു. കഴുത്തിൽ തോർത്ത് മുറുക്കി അവശയാക്കിയ ശേഷം പുതപ്പ് ഉപയോഗിച്ച് ഫാനിന്റെ ക്ലാംപിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് എത്തിയത്. കുട്ടിയുടെ നിലവിളി കേട്ടാണ് അയൽക്കാർ പൊലീസിനെ വിളിച്ചത്.