
മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
അമേരിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണിനുള്ള എംഐ ന്യൂയോര്‍ക്ക് ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസതാരം കെയ്റോൺ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നിവരും പൊള്ളാര്‍ഡിനൊപ്പം ടീമിലുണ്ട്.
ഇവര്‍ക്ക് പുറമെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് ഖാന്‍, ട്രെന്‍റ് ബോള്‍ട്ട്, ഡേവി‍് വീസെ, നിക്കൊളാസ് പുരാന്‍, കാഗിസോ റബാദ എന്നിവരയെും എംഐ ന്യൂയോര്‍ക്ക് ടീമിലെത്തിച്ചു. വിവിധ ടി20 ലീഗുകളിലും വെസ്റ്റ് ഇന്‍ഡീസിനായും 625 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് ഈ സീസണ്‍ ഐപിഎല്ലില്‍ മുംബൈയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. റോബി പീറ്റേഴ്സണാണ് എംഐ ന്യൂയോര്‍ക്ക് ടീമിന്‍റെ മുഖ്യ പരിശീലകന്‍.
ലസിത് മലിംഗ ഒരിടവേളക്കുശേഷം എംഐ കുപ്പായത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എംഐ ന്യൂയോര്‍ക്കിന്‍റെ ബൗളിംഗ് കോച്ചാണ് മലിംഗ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു മലിംഗ. ഡേവിഡ് വീസെ ഒഴികെ ടീമിലെടുത്തവരെല്ലാം എംഐയുടെ വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളില്‍ കളിക്കുന്നവരാണ്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്ടൗണ്‍, ഇന്‍റര്‍നാഷണല്‍ ലീഗ് ടി20 ടീമായ എംഐ എമിറേറ്റ്സ് എന്നിവയാണ് എംഐ ന്യയോര്‍ക്കിന് പുറമെ മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടീമുകള്‍.
