മൃഗശാലയില്‍ പുതിയ അതിഥികളെത്തി, ആയുഷ് പിന്‍വാങ്ങി (എക്‌സ്‌ക്ലൂസീവ്)

സിംഹക്കുട്ടി ഗ്രേസി സുഖമായിരിക്കുന്നു, സിംഹങ്ങള്‍ക്ക് വകുപ്പു മന്ത്രി പേരിടല്‍ ചടങ്ങുനടത്തി കൂട്ടില്‍ തുറന്നുവിടും

തിരുവനന്തപുരം മൃഗശാലയിലെ സിംഹ കാലം തിരിച്ചു വരുന്നു. ആയുഷിന്റെ പിന്‍ഗാമികള്‍ മൃഗശാലയില്‍ എത്തിക്കഴിഞ്ഞു. വകുപ്പുമന്ത്രി നാളെ ഇവയെ കൂട്ടിലേക്ക് തുറന്നു വിടും.

ഒപ്പം സിംഹങ്ങള്‍ക്ക് പേരിടല്‍ ചടങ്ങും നടത്തും. ഒരാണ്‍സിംഹവും ഒരു പെണ്‍സിംഹത്തെയുമാണ് എത്തിച്ചിരിക്കുന്നത്.

തിരുപ്പതി മൃഗശാലയില്‍ നിന്നും എത്തിച്ച സിംഹങ്ങള്‍ക്കൊപ്പം ഹനുമാന്‍ കുരങ്ങും, വെള്ളമയില്‍, കാട്ടുകോഴി, എമു എന്നിവയുമുണ്ട്. മൃഗശാലയില്‍ നിലവിലുള്ള ആയുഷ് എന്ന ആണ്‍ സിംഹം പ്രായാധിക്യത്താല്‍ അവശനാണ്.

22 വയസ്സുള്ള സിംഹത്തെ മൃഗശാലയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആയുഷിന് സന്ദര്‍ശകരെ കാണാാന്‍ ഇനി കഴിയില്ല. വിശ്രമജീവിതം നയിക്കുന്ന ആയുഷിന്റെ പിന്‍ഗാമികളായിരിക്കും മൃഗശാലയിലെ ഓപ്പണ്‍ കേജില്‍ ഇനി വിരാജിക്കുക.

എന്നാല്‍, ആയുഷിന്റെ മകള്‍ ഗ്രേസി എന്ന കുഞ്ഞു സിംഹക്കുട്ടി മൃഗശലായിലുണ്ട്. ഇതിനെ കൂട്ടിലേക്ക് വിടാനുള്ള സമയമായിട്ടില്ല. കുപ്പിപ്പാലും കുടിച്ച് മൃഗശാലാ ആശുപത്രിയിലാണ് താമസം.

ഗ്രേസി സുഖമായിരിക്കുന്നുവെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. അടുത്ത കാലത്തായിട്ടാണ് മൃഗശാലയിലെ രാജവെമ്പാലയുടെ കടിയേറ്റ് ഒരു കീപ്പര്‍ മരിച്ചത്. കൂട് വൃത്തിയാക്കാന്‍ കയറിയ കീപ്പറിനെ രാജവെമ്പാല കൊത്തുകയായിരുന്നു.

ഇതിനു ശേഷം കൂടുകള്‍ വൃത്തിയാക്കാന്‍ കയറുന്ന കീപ്പര്‍മാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കുകയും ചെയ്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് മ്യൂസിയം മൃഗശാല സന്ദര്‍ശിക്കാനെത്തിയത്.

സന്ദര്‍ശകര്‍ക്കെല്ലാം കാണേണ്ടത് സിംഹത്തെയും. പക്ഷെ, ഒഴിഞ്ഞ കൂടും, നിറഞ്ഞ കാടും മാത്രമാണ് സന്ദര്‍ശകര്‍ക്കായി ഇതുവരെയും കാണിക്കാനായത്.

എന്നാല്‍, നാളെ മുതല്‍ കഥ മാറുകയാണ്. പുതിയ താരങ്ങള്‍ മൃഗശാലയെ ശബ്ദമുഖരിതമാക്കാന്‍ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post പണത്തിനു പകരം വീട്ടിലെ മാലിന്യം ഫീസായി വാങ്ങി സ്കൂൾ; ആഗോളതലത്തിൽ ശ്രദ്ധ നേടി നൈജീരിയൻ പദ്ധതി
Next post ‘സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല’; നിഹാലിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍