
മൃഗശാലയില്‍ നിന്നും ഇതുവരെ ചാടിയത് നാല് മൃഗങ്ങള്‍ (എക്‌സ്‌ക്ലൂസീവ്)
ഇന്നലെ ചാടിയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി
മയക്കുവെടി വെക്കാന്‍ ആലോചിച്ച് അധികൃതര്‍
എ.എസ്. അജയ്‌ദേവ്
തലസ്ഥാന വാസികള്‍ സൂക്ഷിക്കുക!. കാഴ്ചട ബംഗ്ലാവിനെ വെറും കാഴ്ച വസ്തുവാക്കിക്കൊണ്ട് നാലം തവണയും കൂടുചാടി മൃഗങ്ങള്‍ നഗരത്തിലിറങ്ങി. ഇത്തവണ ചാടിപ്പോയത് ഹനുമാന്‍ കുരങ്ങാണ്. നാല് വയസ്സ് പ്രായമുള്ള ഹനുമാന്‍ കുരങ്ങിനെ അന്വേഷിച്ച് മൃഗശാലാ അധികൃതര്‍ നഗരത്തിലെ വലിയ മരങ്ങള്‍ക്കു മുകളിലും വീടിന്റെ ടെറസ്സുകളിലും പരക്കം പായുകയാണ്. ആക്രമണ സ്വഭാവമുള്ള ഇനമാണ് ഹനുമാന്‍ കുരങ്ങുകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ട് കടുവകള്‍ കൂടുചാടിയിരുന്നു.

സന്ദര്‍ശകരെ ഒന്നും ചെയ്തില്ലെങ്കിലും മൃഗശാലയ്ക്കുള്ളില്‍ ഭീതി പടര്‍ത്തി. കൂടുവിട്ട് സ്വതന്ത്രമായി നടന്ന കടുവകളെ തിരികെ കൂട്ടില്‍ കയറ്റാന്‍ കീപ്പര്‍മാര്‍ ഏറെ പണിപ്പെട്ടു. അതേസമയം, കടുവകള്‍ മൃഗശാലാ കോമ്പൗണ്ട് വിട്ട് പുറത്തു പോയില്ല എന്നതാണ് ആശ്വാസം. പിന്നീട് പുറത്തു ചാടിയത്, പന്നിമാനാണ്. 2021ലായിരുന്നു സംഭവം. കവടിയാര്‍ ട്രാഫിക് സിഗ്നലില്‍ നിന്ന പന്നിമാനിനെ കണ്ട യാത്രക്കാരാണ് മൃഗശാലാ അധികൃതരെ വിവരമറിയിച്ചത്.

രാത്രിയില്‍ ഏപ്പോഴോ പുറത്തു ചാടിയ പന്നിമാന്‍ കനകക്കുന്നു കൊട്ടാരത്തില്‍ പുല്ലു മേയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. അവിടുന്ന് വെള്ളയമ്പലം സ്‌ക്വയര്‍ വഴി കവടിയാര്‍ വരെ എത്തിയപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ എത്തി പിടികൂടി മൃഗശാലയില്‍ എത്തിച്ച മാനിനെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് മറ്റു മാനുകള്‍ക്കൊപ്പം തുറന്നു വിട്ടത്. പിന്നീട് 2022ല്‍ സമാനമായി ഒരു പന്നിമാന്‍ കൂട്ടില്‍നിന്നും പുറത്തുചാടി.

ഇതും നഗരം ചുറ്റിയ ശേഷം കനക നഗറിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് മാനിനെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് രണ്ട് വിദേശ തത്തകള്‍ നഗരം കാണാന്‍ പറന്നു പോയത്. അവയെ തിരികെയെത്തിക്കാന്‍ കീപ്പര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നമാണ് നടത്തിയത്. തെരുവുനായ്ക്കള്‍ തലങ്ങും വിലങ്ങും ജനങ്ങളെ കടിക്കാനോടുന്ന നഗരത്തില്‍ ഇനി വന്യമൃഗങ്ങളെയും ഭയപ്പെട്ടു ജീവിക്കണം.

ഏതു നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണം പ്രതീക്ഷിച്ചേ മതിയാകൂ. ഇന്നലെ ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടാന്‍ ഇതുവരെ മൃഗശാലാ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് മുന്ന് മണിയോടെയാണ് ഹനുമാന്‍ കുരങ്ങന്‍ ചാടിപ്പോയത്. നാളെ വകുപ്പുമന്ത്രി ചിഞ്ചുറാണി, മൃഗങ്ങളെ കൂട്ടിലേക്ക് തുറന്നു വിടുകയും പേരിടല്‍ കര്‍മ്മം നിര്‍വഹിക്കാനും ഇരിക്കെയാണ് ഹനുമാന്‍ കുരങ്ങിന്റെ വേലിചാട്ടം. തിരുപ്പതി മൃഗശാലയില്‍ നിന്നുമാണ് രണ്ടു സിംഹങ്ങള്‍, രണ്ടു ഹനുമാന്‍ കുരങ്ങുകള്‍, എമു എന്നിവയെ കഴിഞ്ഞ തിങ്കളാഴ്ച എത്തിച്ചത്.

ഇവയെ ക്വാറന്റൈനില്‍ വെച്ചിരിക്കുകയായിരുന്നു. ഇന്നലെ മൂന്നു മണിയോടെ ഹനുമാന്‍ കുരങ്ങുകളെ പരീക്ഷണാടിസ്ഥാനത്തില്‍ കൂടുകളില്‍ തുറന്നു വിട്ടിരുന്നു. കീപ്പര്‍മാരും മൃഗശാലാ ഡോയറക്ടര്‍ ഡോക്ടര്‍ എന്നിവരുടെ സൂക്ഷ്മ നിരീക്ഷണത്തിനിടയിലാണ് പെണ്‍ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് ചാടിയത്. തുറന്ന കൂട്ടില്‍ നിന്ന മരത്തില്‍ കയറിയ പെണ്‍ ഹനുമാന്‍ കുരങ്ങ് കടുവക്കൂടിനടുത്തുള്ള മരത്തിലേക്കാണ് ചാടിയത്. തുടര്‍ന്ന് മാന്‍ കൂട്ടിനുള്ളിലെ മരത്തിലും, അവിടുന്ന് കാട്ടുപോത്തിന്റെ കൂട്ടിലെ മരത്തിലേക്കും ചാടിപ്പോവുകയായിരുന്നു.

മൃഗശാലയ്ക്ക് പുറകിലുള്ള നന്ദന്‍കോട് ഭാഗത്തേക്ക് പോകാനാണ് ഏറെ സാധ്യതയുള്ളത്. എന്നാല്‍, ഇന്ന് പുലര്‍ച്ചെയുള്ള തിരച്ചിലില്‍ കാക്കകള്‍ കൂടുതലായി വട്ടമിട്ടു പറക്കുന്ന ഇടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെ മയക്കുവെടിവെയ്ക്കാനുള്ള നീക്കം നടത്തുകയാണ് അധികൃതര്‍.

ഹനുമാന്‍ കുരങ്ങിനെ പിടിക്കാന്‍ കഴിയുമോ? എങ്ങനെ ?
ഹനുമാന്‍ കുരങ്ങുകളെ പിടികൂടാന്‍ ഏറെ പ്രയാസകരമാണെന്ന് മൃഗശാലാ കീപ്പര്‍മാര്‍ പറയുന്നു. ഇവ വലിയ മരങ്ങളുടെ ഏറ്റവും മുകളിലാണ് ഇറിക്കാറ്. അതുകൊണ്ടുതന്നെ അത്രയും ഉയരത്തിലേക്ക് കയറാന്‍ പ്രയാസമാണ്. ഹനുമാന്‍ കുരങ്ങുകള്‍ ആക്രമണകാരകളായതു കൊണ്ട് ഉയരത്തില്‍ കയറിയാലും പിടികൂടാനാകില്ല. അതുകൊണ്ട് ഇവയെ മയക്കുവെടി വെച്ചിടാനേ നിര്‍വാഹമുള്ളൂ.

എന്നാല്‍, വൈല്‍ഡ് ലൈഫ് ഡോക്ടര്‍മാര്‍ക്കേ ഇതിനു സാധിക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്. കാരണം, ഓരോ മൃഗങ്ങളെയും മയക്കാന്‍ മയക്കുമരുന്നിന്റെ അളവ് വ്യത്യസ്തമാണ്. അളവ് കൂടിയാല്‍ ഹനുമാന്‍ കുരങ്ങ് ചാത്തു പോകാന്‍ സാധ്യതയുണ്ട്. കൂടാതെ, ഇത്രയും ഉയരത്തില്‍ ഇരിക്കുന്ന കുരങ്ങിനെ മയക്കു വെചിവെച്ചിടുമ്പോള്‍ അത് താഴെ വീണ് ചാകാനും ഇടയുണ്ട്. ഈ സാഹചര്യങ്ങള്‍ കൃത്യമായി പരിശോധിച്ചു മാത്രമേ മയക്കുവെടിവെയ്ക്കാന്‍ കഴിയൂ.

ഹനുമാന്‍ കുരങ്ങിന്റെ ഇണയെ വെച്ച് പുറത്തു ചാടിയ കുരങ്ങിനെ മെരുക്കി കൂട്ടിലടയ്ക്കാന്‍ സാധിക്കും. എന്നാല്‍, തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങിനെ ഇണയെ കാണിച്ച് മെരുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇണയെ വെച്ച് മെരുക്കുന്നതും സാഹചര്യങ്ങള്‍ അനുസരിച്ചാണ്. കൂട്ടില്‍ നിന്നു ചാടിപ്പോകുന്ന കുരങ്ങിന് കൂടുതല്‍ ദൂരത്തേക്ക് പോകാനുള്ള സാധ്യകള്‍ അടയുമ്പോഴാണ് ഇണയുടെ അടുത്തേക്ക് തിരിച്ചു പോകാന്‍ തോന്നുന്നത്. ഈ സാഹചര്യത്തില്‍ ഇണയുടെ സാമീപ്യം കൂടുതല്‍ നല്‍കിയാല്‍ ചാടിപ്പോയ കുരങ്ങിനെ തിരിച്ചെത്തിക്കാനാകും.

കുരങ്ങുകളുടെ ശബ്ദം മറ്റൊരു മാര്‍ഗമാണ്. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം (അത് ഭയപ്പടുമ്പോഴും, ആക്രമിക്കാന്‍ വരുമ്പോഴും, സ്‌നേഹിക്കുമ്പോഴുമൊക്കെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്.) അനുകരിക്കുകയോ മറ്റെന്തെങ്കിലും സാധ്യതകള്‍ ഉപയോഗിച്ച് പുറപ്പെടുവിക്കകുയോ ചെയ്താല്‍ ചാടിപ്പോയ കുരങ്ങിനെ ആകര്‍ഷിച്ച് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും വനംവകുപ്പിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.