
‘മുന്‍ അനുഭവങ്ങളില്‍ നിന്ന് ചൈന പഠിച്ചു പക്ഷേ പ്രധാനമന്ത്രി..’; തവാങ് സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഒവൈസി
തവാങ്ങിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് പിന്നാലെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നരേന്ദ്ര മോദി ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കില്ല. മാധ്യമങ്ങളെ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂമിയിലെ ചൈനീസ് അധിനിവേശത്തെക്കുറിച്ച് വ്യത്യസ്തമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് മോദിയുടെ ശ്രമം. 2022 ഓഗസ്റ്റില്‍ അരുണാചല്‍ പ്രദേശില്‍ ഉടനീളം ചൈന സൈനികരുടെ എണ്ണം 75 ശതമാനം വര്‍ധിപ്പിച്ചതായും ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ദോക്ലാം, ഡെപ്സാങ്, ഗാല്‍വാന്‍, ഡെംചോക്ക് എന്നിവിടങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് ചൈന പഠിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഈ അധിനിവേശം ഒരിക്കലും അംഗീകരിക്കില്ല. തന്റെ പ്രിയ മാധ്യമങ്ങളെ ഉപയോഗിച്ച് മറ്റൊരു കഥ പ്രചരിപ്പിക്കും. അതിനാല്‍, ചൈന ശബ്ദമുണ്ടാക്കാതെ പതിയെ പതിയെ അധിനിവേശം തുടരുകയാണ്,’ അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ കുറിച്ചു.
ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും സൈനികര്‍ ഏറ്റുമുട്ടിയതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ സ്ഥിരീകരിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും നിസാര പരിക്കേറ്റതായും സൈന്യം അറിയിച്ചു.