
മുഖ്യമന്ത്രി, അഴിമതി സർവകലാശാലയുടെ വി.സി
അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതും ശരിയാണ്. പക്ഷേ, അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി എന്നതാണ് വസ്തുതയെന്നും വി.ഡി. സതീശന് തൃശ്ശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഒരു ഓഫീസില്‍ ഒരാള്‍ കൈക്കൂലി വാങ്ങിക്കൂട്ടുമ്പോള്‍ മറ്റുള്ളവര്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അത് തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട് പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ 100 ദിവസം ജയിലില്‍ കിടന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ഇപ്പോള്‍ ലൈഫ് മിഷന് കേസിലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ ചെയര്മാന്. എന്നിട്ടും ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്രം. എ.ഐ ക്യാമറയിലും കെ. ഫോണിലും അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. വില്ലേജ് ഓഫീസിലെ അഴിമതി മറ്റുള്ളവര്‍ അറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഞങ്ങള്‍ ചോദിക്കുന്നു, കോവിഡ് കലത്തെ കൊളള അടക്കമുള്ള 5 അഴിമതികള്‍ ഇപ്പോള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട്. സ്വന്തം ഓഫീസില്‍ നടന്ന ഈ അഴിമതികള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലേ?
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരി പ്രഭാഷണം കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനത്തില്‍ ഒളിക്കുന്ന മുഖ്യമന്ത്രി, വില്ലേജ് ഓഫിസിലെ കൈക്കൂലിയെ കുറിച്ച് പറയുന്നത് വിചിത്രമാണ്. അഴിമതി ക്യാമറയ്ക്കും, കെ. ഫോണ്‍ അഴിമതിക്കും കൃത്യമായ തെളിവുകള്‍ കൊണ്ട് വന്നിട്ടും ഇത് വരെ മറുപടി പറയാതെ ഓടി ഒളിക്കുകയാണ് ഭീരുവായ മുഖ്യമന്ത്രി. മറുപടി പറഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് ഊരി പോകാന്‍ കഴിയാത്ത തരത്തിലുള്ള തെളിവുകള്‍ പ്രതിപക്ഷം ഹാജരാക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അഴിമതി ക്യാമറ ജനങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങുന്ന ജൂണ്‍ 5 ന് കോണ്‍ഗ്രസ് സമരം നടത്തും. ക്യാമറ സ്ഥാപിച്ചിട്ടുള്ള എല്ലായിടങ്ങളിലും സമാധാനപരമായി സമരം നടക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.