
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് രംഗത്ത്.
2016 – ല്‍ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം ഒരു ബാഗ് മറന്നു വച്ചെന്നും അത് അടിയന്തിരമായി ഗള്‍ഫില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരന് വിളിച്ചു എന്നും ആ ബാഗ് യു.എ.ഇ കോണ്‍സുലേറ്റിലെ ഒരു നയതന്ത്ര പ്രതിനിധി വഴി കൊടുത്തു വിട്ടു എന്നും സ്വപ്നാ സുരേഷ് വെളിപ്പെടുത്തി. ഇതില്‍ കറന്സിസായിരുന്നെന്ന് മനസിലായെന്നും സ്വപ്ന പറഞ്ഞു.
കൊച്ചിയില്‍ കോടതിയില്‍ രഹസ്യമൊഴി നല്കിയ ശേഷം പുറത്തു വന്ന സ്വപ്നാ സുരേഷ് മാദ്ധ്യമങ്ങളോടാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ 164 അനുസരിച്ച് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ മകള്‍, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആിരുന്ന നളിനി നെറ്റോ എന്നിവര്‍ക്കെല്ലാം ഈ കേസിലുള്ള പങ്കാളിത്തത്തെക്കുറിച്ചും രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സ്വപ്നാ സുരേഷ് പറഞ്ഞു.

വലിയ ഭാരമുള്ള എന്തോ ലോഹ സാധനങ്ങള്‍ ബിരിയാണി ചെമ്പില്‍ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കടത്തിയിട്ടുമുണ്ട്. സ്വര്‍ണ്ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയെങ്കിലും അവര്‍ എല്ലാം അന്വേഷിച്ചിട്ടില്ല.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി.
സ്വര്‍ണ്ണക്കടത്തു കേസ് കെട്ടടങ്ങി നില്ക്കുന്ന സാഹചര്യത്തിലാണ് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ സ്വപ്നാ സുരേഷ് കോടതിക്ക് മുന്‍പാകെ നടത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും മൊഴികളും നേരത്തെയും പുറത്തു വന്നിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം പിന്നീട് നടന്നിരുന്നില്ല. ബി.ജെ.പിയുമായി ഒത്തു കളിച്ച് കേസ് അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ തക്ക പ്രഹര ശേഷിയുള്ളതാണ്.