
മുഖം നഷ്ടപ്പെട്ട സർക്കാരിന്റെയും പാർട്ടിയുടെയും പൊറാട്ട് നാടകം, പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട: ചെന്നിത്തല
കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടി ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്.
സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും. നിങ്ങൾ കേസെടുത്ത് ആരെയാണ് വിരട്ടാൻ നോക്കുന്നത്? പൊലീസ് പോലിസിൻ്റെ ജോലി മാന്യമായി ചെയ്തില്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. പാർട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് ജോലി ചെയ്യലല്ല പോലീസിൻ്റെ പണി. തുടർ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തിൽ എന്തും ആകാമെന്ന ഹുങ്കിന് ജനങ്ങൾ മറുപടി നൽകുന്ന കാലം വിദൂരമല്ലെന്ന് ചെന്നിത്തല പറഞ്ഞു.
മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പ്രതിചേർത്തത് ഇന്നലെയായിരുന്നു. മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. സുധാകരനെ മറ്റന്നാൾ കൊച്ചിയിൽ ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയാണ് സുധാകരന് തിരിച്ചടിയായത്. 2018 ൽ കലൂരിലെ വാടക വീട്ടിൽ വെച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റി. പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ വഞ്ചാനാക്കേസ് ചുമത്തിയത്.