
മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കര്‍ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ടാങ്കറിന്‍റെ ഡ്രൈവറും സഹായിയും, റോഡിലൂടെ സ്കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരും മരിച്ചു.
അപകടത്തിൽ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. എണ്ണ റോഡില്‍ പരന്നൊഴുകിയതോടെ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീഴുകയും ഇതുമൂലം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എക്‌സ്‌പ്രസ്‌വേ പൊലീസ്, പൂനെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, ലോണാവാല – ഖോപോളി മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള അഗ്നിശമന സേന, ഐഎൻഎസ് ശിവാജി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.