
മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌തു
കോഴിക്കോട് സ്വദേശിയായ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ നിഥിന്‍(20)ആണ് മരിച്ചത്. ബെംഗളൂരു ബന്നാര്‍ഘട്ട റോഡ് എ.എം.സി. എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു നിഥിന്‍.
ഡിസംബര്‍ ഒന്നുമുതലാണ് നിഥിന്‍ കോളേജില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ നിഥിനെ കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
മാതാപിതാക്കളില്‍നിന്ന് അകന്നതിന്റെ മനോവിഷമത്തിലായിരുന്നു നിഥിനെന്ന് ബന്നാര്‍ഘട്ട പോലീസ് അറിയിച്ചു. ശുചിമുറിയില്‍വച്ച് നിഥിന്‍ കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്നാണ് വിവരം.