
മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഊര് നിവാസി ശിവൻ അയ്യാവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു വീടിനടുത്തു വെച്ച് ശിവനെ കാട്ടാന ആക്രമിച്ചത്.
ശിവൻറെ കരച്ചിൽ കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോൾ ഇയാൾ പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് ശിവനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായ പരിക്കേറ്റതിനാൽ ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഏതാണ്ട് രണ്ട് മണിക്കൂറോളം സമയമെടുത്തു. അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റർ കാടിനകത്താണ് അടിച്ചിൽ തൊട്ടി കോളനിയുള്ളത്. ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവാണ്.