
മയക്കുമരുന്നും ആയുധങ്ങളുമായി മലപ്പുറം താനൂരില്‍ യുവാവ് പിടിയില്‍
മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് പോലീസിന്റെ പിടിയില്‍. താനൂര്‍ കണ്ണന്തളി സ്വദേശി ജാഫര്‍ അലി (37) ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് മയക്കുമരുന്നും ആയുധങ്ങളും തോക്കും പോലീസ് പിടിച്ചെടുത്തു.
1.70 ഗ്രാം എംഡിഎംഎ, 76,000 രൂപ എന്നിവയും കൊടുവാള്, നെഞ്ചക്ക്, 7 വിവിധ ആകൃതിയിലുള്ള കത്തികള്‍, കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, അഞ്ച് മരത്തിന്റെ വടികള്‍, എയര്‍ഗണ്‍ എന്നിവയും പിടിച്ചെടുത്തു. കൂടാതെ, എംഡിഎംഎ അളന്നുനല്കുന്നതിനുള്ള മെത്ത് സ്കെയില്‍, എംഡിഎംഎ ആവശ്യക്കാര്‍ക്ക് ചെറിയ പാക്കറ്റുകള്‍ ആയി നല്‍കുന്നതിനുള്ള കവറുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇതിനുമുമ്പും പ്രതിക്കെതിരേ താനൂര്‍ പോലീസ് സ്റ്റേഷനില്‍ സമാനമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്.
മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ആന്റി-നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡിഎഎന്‍എസ്എഎഫ്) ടീമും താനൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ താനൂര്‍ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.