
‘മദ്യംകഴിച്ചാല്‍ മരിക്കും ‘ ;വിഷമദ്യ ദുരന്തത്തില്‍ വിവാദ പരാമർശവുമായി നിതീഷ് കുമാർ
മദ്യം കഴിക്കുന്നവര്‍ മരിക്കുമെന്നും അത് ഉപേക്ഷിക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സരണ്‍ ജില്ലയിലെ ഛപ്രയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മുപ്പതോളം പേര്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2016 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. അതിനുശേഷം സംസ്ഥാനത്ത് മദ്യദുരന്തങ്ങളും പതിവാണ്. എന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കാരണം ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് നിതീഷ് വ്യക്തമാക്കി.
‘കഴിഞ്ഞ തവണ വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചപ്പോള്‍ ചിലര്‍ പറഞ്ഞു, അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്. ആരെങ്കിലും മദ്യം കഴിക്കുകയാണെങ്കില്‍ അവര്‍ മരിക്കും. ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഇവിടെ മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കാരണം ആളുകള്‍ മരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്യനിരോധനം ഉള്ളതിനാല്‍ ഇവിടെ ലഭിക്കുന്നത് വ്യാജമദ്യമായിരിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്’, നിതീഷ് വ്യക്തമാക്കി.