മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയി,കലാപം തടയുന്നതില്‍ പരാജയം, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസില്‍

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്, 310 പേര്‍ക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു, ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു, 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്കി, ആയുധങ്ങള്‍ താഴെവയ്ക്കണണെന്ന ഷായുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.അതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസിലായി. കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നല്‍കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ വിലക്കയറ്റം രൂക്ഷമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ കടുത്ത പ്രതിഷേധം കാരണം ഗോത്ര വര്‍ഗ മേഖലകളില്‍ ഒപ്പം പോകാന്‍പോലും മുഖ്യമന്ത്രി ബിരേന്‍ സിംഗിനായിരുന്നില്ല. കലാപം തടയുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുള്‍പ്പടെ കുകി വിഭാഗത്തില്‍നിന്നുള്ള പത്ത് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നല്‍കി. ഇതില്‍ 5 പേര്‍ ബിജെപി എംഎല്‍എമാരാണ്.

ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂര്‍ സെക്രട്ടരി പോക്കാം ഹോക്കിപും തുറന്നടിച്ചു. ബിരേന്‍ സിംഗിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി നാല് ബിജെപി എംഎല്‍എമാര്‍ നേരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍നിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയാണെന്നും, ബിരേന്‍ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരില്‍നിന്നും ബിരേന്‍ സിംഗിനുള്ള പിന്തുണ നാള്‍ക്കുനാള്‍ ഇടിയുകയാണ്.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ 25 ശതമാനം മെയ്തി വിഭാഗക്കാരുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ ബിരേന്‍ സിംഗിനുള്ളതെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. ഇതോടെയാണ് ബിരേന്‍ സിംഗിനെ നീക്കണോയെന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വവും ആലോചന തുടങ്ങിയത്. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്ത്വം വൈകാതെ അന്തിമ തീരുമാനമെടുത്തേക്കും. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയുണ്ടാെയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനും നേരത്തെ ലഭിച്ചിട്ടുണ്ട്. അതേസമയം താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും ബിരേന്‍ സിംഗ് പറഞ്ഞു.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില റോക്കറ്റുകണക്കെ കുതിക്കുകയാണ്. ഉരുള കിഴങ്ങിന് കിലോയ്ക്ക് ഇരുന്നൂറ് രൂപയായായെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടന്ന് വിലക്കയറ്റം തടയാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post കൊലപാതകക്കേസിലെ അപ്പീൽ കോടതിയില്‍,തൊണ്ടിമുതൽ നശിപ്പിക്കാൻ ജില്ലാജഡ്ജിയുടെ ഉത്തരവ്,റിപ്പോര്‍ട്ട്തേടി ഹൈക്കോടതി
Next post തിരുവസ്ത്രം അഴിച്ചുവെയ്ക്കുമ്പോള്‍