മടലുകൊണ്ട് ബാറ്റുണ്ടാക്കിയ നാലാം ക്ലാസ്സുകാരി ഇന്ന് ലോകകപ്പ് ജേതാവ്

മകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ച മുരുകേശനെന്ന കര്‍ഷകന്റെയും ക്രിക്കറ്റ് താരമായി നേട്ടങ്ങള്‍കൊയ്ത മകള്‍ കൗസല്യയുടെയും കഥപറഞ്ഞ ‘കനാ’ (സ്വപ്നം) എന്ന തമിഴ് സിനിമ ഒരര്‍ഥത്തില്‍ ചാത്തേരി നൗഷാദിന്റെയും മകള്‍ നജ്ലയുടെയും കഥ കൂടിയാണ്. തിരൂര്‍ പറവണ്ണ മുറിവഴീക്കലില്‍നിന്ന് ഇന്ത്യന്‍ ടീമിലിടം നേടുകയും പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ റിസര്‍വ് താരമാവുകയും ചെയ്ത നജ്ല നാടിന് അഭിമാനമായി മാറുകയാണിപ്പോള്‍.

കായികതാരമായിരുന്നു നൗഷാദ്. 1992-ല്‍ അമേച്വര്‍ അത്ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയെങ്കിലും നൗഷാദിന് തന്റെ കായികസ്വപ്നങ്ങള്‍ അധികം ദൂരേക്ക് പായിക്കാനായില്ല. മക്കളിലാരെയെങ്കിലും കായികതാരമാക്കുകയെന്ന ആഗ്രഹം സഫലമായത് നജ്ലയിലൂടെയും. അതും പെണ്‍കുട്ടികള്‍ കടന്നുവരാന്‍ മടിക്കുന്ന ക്രിക്കറ്റിലൂടെയും.

വീട്ടിനടുത്ത് തെങ്ങിന്‍മടല്‍കൊണ്ട് ബാറ്റുണ്ടാക്കി കളിച്ചിരുന്ന സഹോദരന്‍ സെയ്തുമുഹമ്മദിനും കൂട്ടുകാര്‍ക്കുമിടയിലേക്ക് ഓടിച്ചെന്ന നാലാം ക്ലാസ്സുകാരിയെ അവരന്ന് കൂടെക്കൂട്ടി. കൂടെ കളിച്ചവരൊക്കെ പുതുവഴി തേടിപ്പോയപ്പോള്‍, അന്നത്തെ നാലാംക്ലാസുകാരി ക്രീസിലാണ് തന്റെ ജീവിതമെന്ന് ഉറപ്പിക്കുകയായിരുന്നു. തെയ്ക്വാന്‍ഡോയും ഫുട്‌ബോളും അത്ലറ്റിക്‌സുമൊക്കെ പയറ്റിയെങ്കിലും ക്രിക്കറ്റില്‍ നജ്ല ഉറച്ചുനിന്നു. നൗഷാദും ഭാര്യ മുംതാസും മകളുടെ ആഗ്രഹത്തിനു കൂട്ടുംനിന്നു.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ ടീമിലേക്ക് സെലക്ഷന്‍ കിട്ടി. പിന്നീട് പരപ്പനങ്ങാടിയില്‍ വേനലവധിക്ക് അക്ബര്‍ എന്ന പരിശീലകനു കീഴിലെത്തി. അക്ബര്‍ നജ്ലയില്‍ ഭാവിതാരത്തെ കണ്ടു. പെരിന്തല്‍മണ്ണയില്‍ ഹൈദറെന്ന പരിശീലകന്റെ അടുത്തേക്കയച്ചു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോട്ടയം ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയില്‍ പ്രവേശനം കിട്ടി. മാന്നാനം സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നെങ്കിലും വീടുവിട്ടു നില്‍ക്കാനാവാതെ നജ്ല മടങ്ങി.

തുടര്‍ന്ന് പഠനവും പരിശീലനവും വയനാട്ടിലേക്കുമാറി. വയനാട് കൃഷ്ണഗിരിയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. മീനങ്ങാടി ജി.വി.എച്ച്.എസില്‍ പഠനം തുടര്‍ന്നു. പ്ലസ് ടു വരെ ഈ സ്‌കൂളില്‍ പഠിച്ചു. ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന് പഠിക്കുന്നു.
നജ്ല റിസര്‍വ് താരമായിരുന്ന ഇന്ത്യന്‍ ടീം ലോകകപ്പില്‍ കിരീടം നേടിയതിന്റെ ആഹ്ലാദം പങ്കിടുകയാണ് പറവണ്ണ മുറിവഴീക്കല്‍ ഗ്രാമം. ലഡ്ഡു വിതരണം ചെയ്തും കേക്കുമുറിച്ചും നാട്ടുകാര്‍ ആഹ്ലാദം പങ്കിട്ടു. ലോകചാമ്പ്യന്‍പകിട്ടോടെ നാട്ടിലേക്ക് നജ്ല തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണവര്‍.

”അണ്ടര്‍ 19 ടീമിന്റെ ഭാഗമാകാനുള്ള പ്രായം എനിക്കുകഴിഞ്ഞു. എന്നാല്‍, ആദ്യ സീസണില്‍ത്തന്നെ ലോകകപ്പ് നേട്ടത്തോടെ വിടപറയാനായതില്‍ സന്തോഷമുണ്ട്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. സീനിയര്‍ ടീമിലിടം നേടണം. അതിനായിരിക്കും ഇനിയുള്ള കഠിന പരിശ്രമം. സീനിയര്‍ ടീമിലിടം നേടുകയും ടീമിലെ പ്രധാന താരങ്ങളിലൊരാളാവുകയുമാണ് ലക്ഷ്യം. ഈ ലോകകപ്പിലെ മത്സരങ്ങള്‍ പുറത്തിരുന്നാണ് കണ്ടത്. ഇനിയുള്ള ലോകകപ്പുകള്‍ കളത്തിലിറങ്ങി കളിച്ചുനേടണം.” – സി.എം.സി. നജ്ല

Leave a Reply

Your email address will not be published.

Previous post ബസ് മുന്നോട്ടെടുക്കുന്നതിനിടയിൽ അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Next post കുണ്ടന്നൂരിലെ വെടിക്കെട്ടുപുര അനധികൃതം; പരിക്കേറ്റ പടക്കനിര്‍മാണ തൊഴിലാളി മരിച്ചു