
മക്കള്‍ രണ്ടാംഭാര്യയെ കാണാനെത്തുന്നതിനെച്ചൊല്ലി തർക്കം ;87കാരന്‍ ഭാര്യയെ കുത്തിക്കൊന്നു
കുടുംബവഴക്കിനെത്തുടർന്ന് 87-കാരൻ 82-കാരിയായ ഭാര്യയെ കുത്തിക്കൊന്നു. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ടി.സി. 57/1276-ൽ ജഗദമ്മയെയാണ് ഭർത്താവ് ബാലാനന്ദൻ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. ജഗദമ്മയും ബാലാനന്ദനും തമ്മിൽ ഉച്ചയോടെ വഴക്കുണ്ടായിരുന്നു.
തുടർന്ന് രണ്ടാംനിലയിലുള്ള കിടപ്പുമുറിയിൽ പോയിരുന്ന ബാലാനന്ദൻ, മൂന്നുമണിയോടെ കത്തിയുമായി പുറത്തുവന്ന് വീട്ടുമുറ്റത്തിരിക്കുകയായിരുന്ന ജഗദമ്മയുടെ കഴുത്തിലും വയറിലും മുതുകിലും കുത്തുകയായിരുന്നു.
നിലവിളി കേട്ട് അയൽവാസികളായ കൃഷ്ണരാജും ലതികയും വീട്ടിലെത്തിയപ്പോൾ കുത്തേറ്റുകിടക്കുന്ന ജഗദമ്മയെ ബാലാനന്ദൻ വീണ്ടും ആക്രമിക്കുന്നതാണ് കണ്ടത്. തുടർന്ന് കൃഷ്ണരാജും ലതികയും ചേർന്ന് ബാലാനന്ദനെ പിടിച്ചുമാറ്റി. തിരുവല്ലം പോലീസെത്തി ജഗദമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലാനന്ദനെ പോലീസ് അറസ്റ്റുചെയ്തു.
ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മ രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. നാല്പതു വർഷമായി ജഗദമ്മ ഒപ്പമുണ്ട്. ജഗദമ്മയ്ക്കു മക്കളില്ല.
ജഗദമ്മയെ കാണാൻ കമലമ്മയുടെ മക്കളെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലിയാണ് പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നതെന്ന് സമീപവാസികളും ബന്ധുക്കളും പറഞ്ഞു.
ജഗദമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.