ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ ഫീ ഇനത്തിൽ 7.71 കോടി രൂപയും, ഫൈൻ വഴി 78.59 ലക്ഷം രൂപയും, അഡ്ജ്യൂഡിക്കേഷൻ മൂലമുള്ള ഫൈൻ വഴി 51.51 ലക്ഷം രൂപയും, കോടതി മുഖേനയുള്ള ഫൈൻ വഴി 3.28 ലക്ഷം രൂപയും, സാമ്പിൾ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേവലം അഞ്ച് മാസം കൊണ്ട് നികുതിയിതര വരുമാനത്തിൽ ഇരട്ടിയിലധികം തുകയാണ് അധികമായി ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി വലിയ പ്രവർത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഷവർമ്മ നിർമ്മാണത്തിന് മാർഗനിർദേശം പുറത്തിറക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി.

സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ 6 ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous post ഫ്ളാട്രിൻ: സ്നേഹപൂർവം കുട്ടനാടിന്…
Next post മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി