
ബ്രിജ് ഭൂഷന്റെ വസതിയിലെത്തി ഡൽഹി പോലീസ്; പണിക്കാർ ഉൾപ്പടെ 12 പേരുടെ മൊഴിയെടുത്തു
ഗുസ്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുക്കുന്നതിനായി ഡൽഹി പൊലീസ് റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ ഉത്തർ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസെത്തിയത്. ബ്രിജ് ഭൂഷന്റെ വസതിയിലുളള പണിക്കാർ അടക്കമുള്ള 12 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മൊഴി നൽകിയവരുടെ തിരിച്ചറിയൽ കാർഡും വിലാസവുമടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബ്രിജ് ഭൂഷനെ പിന്തുണക്കുന്ന നിരവധി ആളുകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഇതുവരെ 137 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എടുത്തിരിക്കുന്നത്. എന്നാൽ ബ്രിജ് ഭൂഷൺ സിങ്ങിനെ വസതിയിൽ വെച്ച് ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏപ്രിൽ 28നാണ് ഡൽഹി കൊണാട്ട് പ്ലേസ് പൊലീസ് ബ്രിജ് ഭൂഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലായിരുന്നു പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ, മുതിർന്ന താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരുന്നു.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രിജ് ഭൂഷൻ സിങ് നിഷേധിച്ചു. ഇതിനിടെ ബ്രിജ് ഭൂഷനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുൻപിൽ പുതിയ മൊഴി നൽകി. ബ്രിജ് ഭൂഷനെതിരെ പെൺകുട്ടി നൽകിയ പരാതി പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പുതിയ മൊഴിയിൽ പഴയ ആരോപണങ്ങൾ ഉണ്ടോ എന്ന കാര്യം അറിയില്ല.