
ബ്രഹ്‌മപുരത്തെ തീപ്പിടിത്തം കരാര്‍ അവസാനിച്ചതിന്റെ പിറ്റേന്ന്; കൊച്ചി മേയര്‍ക്കെതിരേ സി.പി.ഐ
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായത് കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിന്റെ പിറ്റേന്ന്. കരാര്‍ നീട്ടിക്കിട്ടാനായി മന:പൂര്‍വം തീപ്പിടിത്തം ഉണ്ടാക്കിയതാകാമെന്ന് സി.പി.ഐ. കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ആരോപിച്ചു. ടെന്‍ഡര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പോലും മേയര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ടാം തീയതിയാണ് പ്ലാന്റിന്റെ കരാര്‍ കാലാവധി അവസാനിച്ചത്. കരാര്‍ നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കത്തു നല്‍കിയിരുന്നു. ഫെബ്രുവരി രണ്ടിന് കൗണ്‍സില്‍ ടെന്‍ഡര്‍ നടപടിയ്ക്ക് അനുമതി നല്‍കിയെങ്കിലും ഇതുവരെ ഫയല്‍ നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള കരാര്‍ നീട്ടിക്കിട്ടാനും ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനും തീപ്പിടിത്തം ഉണ്ടാക്കിയതാകാം. ഇതിനുപിന്നില്‍ ആരാണെന്ന് കൗണ്‍സില്‍ കൂടിയ ശേഷമേ അറിയാനാകൂ’, ഷക്കീര്‍ പറഞ്ഞു.
‘ഇത് വളരെ ഗുരുതരമായിട്ടുള്ള പ്രശ്‌നമാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചാലും മേയര്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. ഘടകകക്ഷിയെന്ന നിലയില്‍ സി.പി.ഐയുമായി ചര്‍ച്ച നടത്താന്‍ പോലും മേയര്‍ തയ്യാറാകാത്ത സാഹചര്യമാണുള്ളത്’ സി.എ.ഷക്കീര്‍ കൂട്ടിച്ചേര്‍ത്തു.