
ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല, പുതിയ കര്‍മപദ്ധതി നടപ്പാക്കും, 2 ദിവസത്തിനകം നടപടി തുടങ്ങും -മന്ത്രി
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കുമെന്ന് മന്ത്രി പി.രാജീവ്.
മാലിന്യ സംസ്‌കരണത്തിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നതിന് പകരം നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കിയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ പത്തിനകം മഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കാനാണ് തീരുമാനം.
ഉറവിട മാലിന്യ സംസ്‌കരണം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 13 മുതല്‍ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി അടിയന്തര കൗണ്‍സില്‍ യോഗങ്ങള്‍ ചേരും. തുടര്‍ന്ന് മുഴുവന്‍ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും. മാര്‍ച്ച് 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വീടുകളിലുമെത്തി ബോധവല്‍ക്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം.
ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും.
ഏപ്രില്‍ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഏപ്രില്‍ 12 മുതല്‍ 15 വരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഫീല്‍ഡ് തലത്തില്‍ ചെന്ന് പരിശോധന നടത്തും. ഏപ്രില്‍ 30നകം വിജിലന്‍സ് സ്‌ക്വാഡുകളും പരിശോധന പൂര്‍ത്തിയാക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും. നടപടിയെടുക്കാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഫ്ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.