ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവും, അർധരാത്രിവരെ കാറ്റ് തുടരും

അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതേ തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്.  മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇതോടൊപ്പം തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. 

അടിയന്തര സാഹചര്യം നേരിടുന്നതിനായി അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജനറൽ മനീഷ് പഥക് അറിയിച്ചു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളിൽ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കച്ച് ജില്ലയിൽനിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പല സ്ഥലത്തും നാശനഷ്ടവുമുണ്ടായി. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നീ സ്ഥലങ്ങളിൽ കടല്‍ പ്രക്ഷുബ്ധമാണ്. വരും മണിക്കൂറിലും സംസ്ഥാനത്ത് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous post കൊണ്ടാലും കണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സ്
Next post തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ ദുഷ്പ്രവണതകളുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്; തോൽ‌വിയിൽ നടപടിയെടുത്തില്ല