
ബിജെപിയെ പിന്തുണച്ച് ആംആദ്മി എംഎൽഎ മാർ
ഗുജറാത്തിൽ വിജയിച്ച ആംആദ്മി പാർട്ടിയുടെ 5 എംഎൽഎമാരിൽ 3 പേർ ബിജെപിയിൽ ചേരുമെന്ന് വാർത്ത. ജുനഗഡ് ജില്ലയിലെ വിശ്വദാർ മണ്ഡലത്തിൽനിന്നു ജയിച്ച ഭൂപത് ഭയാനിയുടെ പേരാണ് ഇതിൽ പ്രധാനം.
എന്നാൽ വാർത്ത ഭൂപത് നിഷേധിച്ചു. ബിജെപിയിൽ ചേരില്ല, ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവരോടു ചോദിച്ചശേഷം തീരുമാനമെടുക്കും എന്നാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഭൂപത് പറഞ്ഞത്. അതേസമയം ബിജെപിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തി വളരെ കുറവായതിനാൽ തനിക്കു വോട്ട് ചെയ്തവർക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ചിന്തയാണു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവായിരുന്ന ഭൂപത് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ആംആദ്മിയിൽ ചേർന്നത്. എഎപിയുടെ 5 എംഎൽഎമാരിൽ 3 പേർ നേരത്തേ ബിജെപിയിലായിരുന്നു.