
ബസിൽ വെച്ച് പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തി; പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു
സ്വകാര്യബസില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പില്‍ അലിയെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിൽ വെച്ചായിരുന്നു സംഭവം.
പെണ്‍കുട്ടിക്കുനേരെ ഇയാള്‍ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. ചങ്ങരംകുളത്തുനിന്ന് എരമംഗലത്തേക്കുപോയ ബസ് വഴിയിൽ വെച്ച് കാറിലിടിച്ച് അപകടത്തില്‍പെട്ടിരുന്നു. തുടർന്ന് ബസ് നിര്‍ത്തി ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഈ സമയത്താണ് പ്രതി അതിക്രമം കാട്ടിയത്.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ ബഹളം വെച്ചതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. പിറകെ ഓടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
