‘ഫൈവ് സ്റ്റാര്‍ കള്ളന്‍’ കേരളത്തിൽ പിടിയില്‍!; മോഷണം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ലാപ്‌ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍നിന്ന് ലാപ്‌ടോപ്പ് മോഷണം പോയത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് വിന്‍സെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു.

ഇംഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന വിന്‍സെന്റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്. തന്റെ വാക്ചാതുര്യത്തിലൂടെ ജീവനക്കാരെ കയ്യിലെടുക്കുന്ന ഇയാള്‍, മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ബില്ലുമെല്ലാം മുറി ഒഴിവാകുന്നദിവസം അടയ്ക്കാമെന്ന് പറയും. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്നനിരക്കുള്ള മുറിയില്‍ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. പിന്നീട് ഇതേ ഹോട്ടലില്‍വെച്ച് താന്‍ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടെയാണ് തന്റെ ലാപ്‌ടോപ്പ് തകരാറിലായെന്നും പകരമൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ച് നല്‍കണമെന്നും ജീവനക്കാരോട് ആവശ്യപ്പെടുക. പിന്നീട് ഈ ലാപ്‌ടോപ്പുമായി ഹോട്ടലില്‍നിന്ന് മുങ്ങുന്നതാണ് പ്രതിയുടെ രീതി.

Leave a Reply

Your email address will not be published.

Previous post 1.8 കിലോ സ്വർണ്ണവുമായി കരിപ്പൂരിൽ യുവതി പിടിയിൽ
Next post കാറും ബസും കൂട്ടിയിടിച്ച് തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാല് പേ‍ര്‍ മരിച്ചു