
പ്രേക്ഷകരിലേക്ക് പറന്നെത്തി പ്രകാശൻ!

അരുണിമ കൃഷ്ണൻ
ഇത്തവണത്തെ പത്താം ക്ലാസ്സ് പരീക്ഷ ഫലം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആത്മഹത്യകൾ നടക്കുന്ന നമ്മുടെ നാട്ടിൽ തോറ്റവർക്ക് വേണ്ടി ടൂറുകൾ സംഘടിപ്പിച്ചതും ഇത്തവണ നാം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. പത്താം ക്ലാസും പ്ലസ് ടുവുമാണ് ജീവിതത്തിന്‍റെ അടിത്തറയെന്നാണ് നമ്മുടെ സമൂഹം മുൻകാലങ്ങളിൽ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് തൽസ്ഥിതി മാറി. പരീക്ഷ എഴുതുന്ന 99% കുട്ടികളും ജയിക്കുന്നു. തോറ്റവരെ ചേർത്തു നിർത്താനും അവരെ മുന്നോട്ടു നയിക്കാനും ഒരുപാടാളുകൾ മുന്നോട്ടു വരുന്നു. ആ ഒരു സന്ദേശം സംവിധായകൻ കാച്ചി കുറുക്കിയവതരിപ്പിച്ചപ്പോൾ കണ്ടിരുന്നവരും ഒരു നിമിഷം തങ്ങളുടെ കുട്ടിക്കാലം ഓർക്കാനിടയുണ്ട്. പറഞ്ഞു വരുന്നത് ‘പ്രകാശൻ പറക്കട്ടെ’യെന്ന ചിത്രത്തെ പറ്റിയാണ്.
ചിലപ്പോഴെങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്ന തലമുറയ്ക്ക് നൽകാൻ കഴിയുന്ന ഒരു നല്ല സന്ദേശമാണ് ‘പ്രകാശൻ പറക്കട്ടെ’യെന്ന ചിത്രം. സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിന്‍റെ നേർക്കാഴ്ചയാണ് ധ്യാൻശ്രീനിവാസൻ തിരക്കഥ രചിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രം പങ്കുവയ്ക്കുന്നത്.
മാത്യുതോമസ് അവതരിപ്പിച്ച പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ആദ്യപകുതിയില്‍ ചിരിയുടെ വിരുന്നാണ് ചിത്രം സമ്മാനിക്കുന്നത്.
‘കോഴികുട്ടൻ’ എന്ന സൈജുകുറുപ്പിന്‍റെ കഥാപാത്രം ട്രെയിലറിലൂടെ നന്നായി ആവിഷ്കരിച്ചിരുന്നു. ആ പ്രതീക്ഷയ്ക്ക് ഒരു കുറവും ചിത്രം നൽകില്ലയെന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാരനായ ഒരു പലചരക്ക് കച്ചവടക്കാരനാണ് ദിലീഷ്പോത്തൻ അവതരിപ്പിച്ച പ്രകാശൻ. അയാളുടെ കുടുംബത്തിലുണ്ടാവുന്ന ചില ചെറിയ ദുഃഖങ്ങളും വലിയ സന്തോഷങ്ങളും പ്രകാശൻ അതിനെ നേരിടുന്നതുമൊക്കെയാണ് സിനിമ പങ്കു വയ്ക്കുന്നത്.
കോഴിക്കോട് എന്ന നഗരത്തിന്‍റെ ഗ്രാമീണ ഭംഗി മനോഹരമായി ഫ്രെയിമിൽ അവതരിപ്പിച്ചതിനു പ്രത്യേക കയ്യടിയും ചിത്രം അർഹിക്കുന്നു.
പണത്തെക്കാൾ മൂല്യമുള്ള പലതിനെയും ഇന്ന് അറിഞ്ഞോ അറിയാതെയോ നമ്മളിൽ നിന്നു നാം തന്നെ നഷ്ടപ്പെടുത്തുന്നുണ്ട്. പണമാണ് ഏറ്റവും വലിയതെന്ന് കരുതി അതിനു പിന്നാലെ പരക്കം പാഞ്ഞോടുന്നവരോട് പ്രകാശന് പറയാനുള്ളതും അതുതന്നെയാണ്. എല്ലാവരുടേയും ജീവിതത്തിൽ നാം നേരിട്ട് കണ്ടതോ, അനുഭവിച്ചതോ ആയ ചില നൊമ്പരങ്ങളെ അതേ പടി ആവിഷ്‌കരിക്കാൻ കഴിഞ്ഞതിൽ ‘പ്രകാശൻ പറക്കട്ടെ’ ടീമിനും അഭിമാനിക്കാം.
‘അതേ, ഇതൊരു മനോഹരമായ കുഞ്ഞു കുടുംബ ചിത്രമാണ്’.