
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഉടലനുഭവം
ഗൗരി ശങ്കർ
കടന്നുപോകുന്ന നിമിഷങ്ങളിൽ എപ്പോൾ വേണമെങ്കിലും മനുഷ്യൻ ഇരയാക്കപ്പെട്ടേക്കാം അവൻ തന്നെ വേട്ടക്കാരനുമായേക്കാം. വേട്ടക്കാരന് വേട്ടയാടാൻ ഒരു കാരണമുണ്ടെന്ന പോലെ തന്നെ രക്ഷപെടാൻ ഇരയ്ക്കും ഉണ്ട് അവകാശം. ഉടലിന്‍റെ അപാര സാദ്ധ്യതകളും ഇരയാക്കപ്പെടുന്നവന്‍റെ നിസ്സഹായതയും വേട്ടക്കാരന്‍റെ വീര്യവുമെല്ലാം ഒരുമിച്ച് സുന്ദരമായ ഒരു ചലച്ചിത്രഭാഷ്യമാണ് രതീഷ് രഘുനന്ദന്‍റെ ഉടൽ. ഇന്ദ്രൻസിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായേക്കാവുന്ന ഉടലിലെ കുട്ടിച്ചൻ ആരെയും അമ്പരപ്പിക്കും. ദുർഗ്ഗ കൃഷ്ണ അവതരിപ്പിച്ച തരത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തെ ഈ അടുത്ത കാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ല എന്നുവേണമെങ്കിൽ പറയാം. ധ്യാൻ ശ്രീനിവാസനും തന്‍റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. അടുത്തതെന്തെന്ന് അറിയാതെ പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണുന്ന അനുഭവമാണ് ഉടൽ പ്രേക്ഷകർക്ക് നൽകുന്നത്.
കാഴ്ചയും കേൾവിയും പരിമിതമായ വൃദ്ധനാണ് കുട്ടിച്ചൻ. കുട്ടിച്ചന്‍റെ ഭാര്യ കൊച്ച് നാല് വർഷമായി കിടപ്പിലാണ്. കുട്ടിച്ചനേയും ഭാര്യയെയും കൂടാതെ വീട്ടിലുള്ളത് മരുമകൾ ഷൈനിയാണ്. കുട്ടിച്ചന്‍റെ മകൻ ജോലിസ്ഥലത്തായതിനാൽ ഭാര്യയെ നോക്കാനായി ഷൈനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുന്നു. കുഞ്ഞുമായി ഏറെക്കാലമായി വൃദ്ധദമ്പതികളോടൊപ്പം താമസിക്കുന്ന ഷൈനി ഭർത്താവിന്‍റെ സാമീപ്യം മോഹിക്കുന്നുണ്ട്. അത് കിട്ടാതാകുമ്പോൾ അവൾ സുഹൃത്തായ കിരണിൽ അഭയം പ്രാപിക്കുന്നു. പലപ്പോഴും അവൻ അവളുടെ രാത്രികളുടെ കൂട്ടുകാരനായി മാറുന്നു. ഇതാണ് ഉടൽ എന്ന സിനിമയുടെ കഥാപശ്ചാത്തലം.
സിനിമ പുരോഗമിക്കുമ്പോൾ ഉടലിന്‍റെ താളഗതികൾ പതിയെ മാറുകയാണ്. ഒരുവശത്ത് രതികാമനകളുടെ തീ പടർന്നു പിടിച്ച യൗവ്വനയുക്തമായ ഒരു ഉടൽ മറ്റൊരിടത്ത് വാർധക്യത്തിന്‍റെ പരാധീനതകളിൽ പൊട്ടിയടർന്നു ദുർഗന്ധം വമിക്കുന്ന മറ്റൊരുടൽ. രണ്ടുടലുകൾക്കും രണ്ടു കഥയാണ് പറയാനുള്ളത്. വീട്ടമ്മയും അമ്മയുമായ ഷൈനി ആ വീട്ടിലെ വൃദ്ധദമ്പതികളോടൊപ്പമുള്ള ജീവിതം മടുത്തു കഴിഞ്ഞിരിക്കുന്നു. കിടപ്പിലായ അമ്മയെ പരിചരിക്കുന്ന ഹോം നഴ്‌സ് മതിയാക്കി പോകുമ്പോൾ ഷൈനിയുടെ ദുരിതം ഏറുകയാണ്. ഉടലിന്‍റെ തൃഷ്ണയിൽ മുഴുകി കാമുകനുമായി ദീർഘമായ സംഭാഷണത്തിൽ മുഴുകി സമയം കഴിക്കാൻ ആഗ്രഹിക്കുന്ന ഷൈനിക്ക് ഭർത്താവിന്‍റെ വൃദ്ധ മാതാപിതാക്കളെ പരിചരിക്കുന്നത് മടുപ്പായി. അവരെ ഒഴിവാക്കാനായി കാമുകനെ വിളിച്ചുവരുത്തി ചില തന്ത്രങ്ങൾ മെനയുകയാണ് ഷൈനി പിന്നീട് ചെയ്യുന്നത്. ഷൈനി എന്ന കഥാപാത്രമായി ദുർഗ്ഗാ കൃഷ്ണ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവളുടെ നിരാശയുടെ തീവ്രത പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയും. ആക്ഷൻ രംഗങ്ങളിലും മല്പിടിത്തത്തിലുമൊക്കെ ദുർഗ്ഗ അതിശയകരമായ മെയ്‌വഴക്കമാണ് പ്രകടമാക്കുന്നത്. ഷൈനിയുടെ എല്ലാ വികാര വിക്ഷോഭങ്ങളും അത്യുജ്വലമായിട്ടാണ് ദുർഗ്ഗ അവതരിപ്പിക്കുന്നത്. വികലാംഗനായ കുട്ടിച്ചൻ എന്ന കഥാപാത്രമായി ഇന്ദ്രൻസ് ജീവിക്കുകയായിരുന്നു. അഭിനയത്തിന്‍റെ അനന്തസാദ്ധ്യതകൾ ഇനിയും ധാരാളം കരുതി വച്ചിരിക്കുന്ന അസാമാന്യ പ്രതിഭയാണ് ഇന്ദ്രൻസ് എന്ന് പറയേണ്ടി വരും. ഉടലിന്‍റെ രണ്ടാം പകുതി പൂർണ്ണമായും രാത്രിസമയത്താണ് പുരോഗമിക്കുന്നത്. തികച്ചും നിസ്സഹായനായിപോകുന്ന അന്ധനായ ഒരാൾക്ക് തന്നെക്കാൾ ശാരീരിക ക്ഷമതയുള്ള രണ്ടു യൗവ്വനയുക്തമായ ഉടലുകളെയാണ് ചെറുക്കേണ്ടിവരുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം അന്ധനായ വൃദ്ധനെ മാനസികമായി ശക്തിപ്പെടുത്തുകയാണ്. ഒരു കെണിയിൽ നിന്ന് മറ്റൊന്നിലേക്ക്, കെണികൾ വലുതാവുകയും ഘോരമാവുകയും ചെയ്യുന്നു. വേട്ടക്കാരനേത് ഇരയേത് എന്ന് തിരിച്ചറിയാൻ പ്രേക്ഷർ ഒട്ടൊന്ന് ബദ്ധപ്പെട്ടേക്കാം.
തികച്ചും സമാധാനപരമായ ഒരു വീടാണ് ആദ്യം കാണിക്കുന്നതെങ്കിൽ പിന്നീട് ആ വീട് തന്നെ ഭീതിപ്പെടുത്തുന്ന ഒരു യുദ്ധക്കളമായി മാറുകയാണ്. വലിയൊരു പറമ്പിനാൽ ചുറ്റപ്പെട്ട ഒരു വീടാണ് ഇന്ദ്രൻസിന്‍റേത്. അടുത്തെങ്ങും ആൾ താമസമില്ല. അതുകൊണ്ട് തന്നെ ഷൈനിയും കിരണും തമ്മിലുള്ള അവിഹിതബന്ധം അധികമാരും അറിയുന്നുമില്ല. ഓരോ കഥാപാത്രവും അവസരം വരുമ്പോൾ കരുത്താർജ്ജിക്കുമെന്നുള്ള സൂചന പലയിടത്തും ഈ സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്.
രക്തം ചീന്തലും തെറി വിളിയും സാധാരണ സിനിമകളിൽ കാണുന്നതിനപ്പുറമുള്ള ഇന്‍റിമേറ്റ് സീനുകളും സിനിമയ്ക്ക് നേടിക്കൊടുത്തത് എ സർട്ടിഫിക്കറ്റാണ്. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ അമിതമായ ഭോഗതൃഷ്ണകളുടെ പിറകെ പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ സിനിമ.
ഒരു തുടക്കക്കാരൻ എന്ന നിലയിൽ സംവിധായകൻ രതീഷ് രഘുനന്ദൻ കൈയടി അർഹിക്കുന്നു. നാലഞ്ചു കഥാപത്രങ്ങളെ വച്ച് മനുഷ്യ സ്വഭാവത്തിലെ വിവിധ തലങ്ങൾ കെട്ടഴിച്ചുവിടുന്നതിൽ സംവിധായകൻ വിജയിച്ചു. കഥ പുരോഗമിക്കുമ്പോൾ കഥാപാത്രങ്ങളുടെ എണ്ണം ശോഷിച്ചു വരുന്നു. ഒരിക്കലും പുറത്തുകടക്കാൻ കഴിയാത്ത ഒരു റോളർകോസ്റ്റർ സവാരിയിൽ അകപ്പെട്ട വിഡ്ഢിയായ കിരൺ ആയി ധ്യാൻ ശ്രീനിവാസൻ നന്നായി അഭിനയിച്ചു.
തീവ്രവും സങ്കീർണവുമായ രണ്ടു കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളുടെ ഇരുണ്ട മേഖലകളിലേക്ക് പ്രേക്ഷകനെ ആനയിക്കുന്ന വില്യം ഫ്രാൻസിസിന്‍റെ പശ്ചാത്തല സംഗീതവും മനോജ് പിള്ളയുടെ ക്യാമറയും നിഷാദ് യൂസഫിന്‍റെ എഡിറ്റിങ്ങും പ്രക്ഷകര്‍ക്ക് നല്ലൊരു കാഴ്ച്ചാനുഭവും സമ്മാനിക്കുന്നു. നിഷ്കളങ്കനും വേട്ടക്കാരനുമായ കുട്ടിച്ചനെയും ഉടലിന്‍റെ ഉയിരായ ദുർഗ്ഗയെയും ഒരുക്കിയെടുത്ത രാജേഷ് നെന്മാറ പ്രത്യേക പ്രശംസയർഹിക്കുന്നു.
ചുരുക്കത്തില്‍, സ്നേഹവും കാമവും അക്രമവും കുടിലതയും ഒളിച്ചുപിടിച്ച മനുഷ്യ മനസ്സിലേക്ക് നീട്ടിപ്പിടിച്ച കണ്ണാടിയാണ് രതീഷ് രഘുനന്ദന്‍റെ സിനിമ “ഉടൽ”.