
പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലും ആസൂത്രണം, 18-ാം വയസില്‍ ഫര്‍ഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 18 വയസ് മാത്രം പ്രായമുള്ള ഫര്‍ഹാന ആസൂത്രണം ചെയ്ത തേന്‍കെണിയും പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിദ്ദിഖിന്റെ കൊലപാതക വിവരം അറിഞ്ഞത് മുതല്‍ പങ്കുവെച്ച സംശയമായിരുന്നു ഇത് ഹണി ട്രാപ്പ് ആകാനാണ് സാധ്യതയെന്ന്. ഒടുവില്‍ അത് തന്നെ തെളിഞ്ഞു. പിന്നാലെ 18കാരിയുടെ തേന്‍കെണിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു.
സുഹൃത്തുക്കളായ ഷിബിലിനെയും ആഷിഖിനെയും ഒപ്പം നിര്‍ത്തിയായിരുന്നു ഫര്‍ഹാനയുടെ ഹണിട്രാപ്പും കൊലപാതകവും.
നഗ്നഫോട്ടോ പകര്‍ത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യമായിരുന്നത്. ആദ്യ പ്ലാന്‍ പൊളിഞ്ഞാല്‍ സിദ്ദിഖിന്റെ ഇല്ലാതാക്കുക എന്നതായിരുന്നു ഫര്‍ഹാനയുടെയും സംഘത്തിന്റെയും രണ്ടാമത്തെ പ്ലാന്‍. ആദ്യ പ്ലാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ദിഖ് ഫര്‍ഹാനയും കൂട്ടരുമായി ഇടഞ്ഞു. ഇതോടെയാണ് പ്ലാന്‍ രണ്ട് നടപ്പാക്കി സിദ്ദിഖിനെ കൊന്ന് വെട്ടി നുറുക്കിയത്. ഫര്‍ഹാന കൊണ്ടുവന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് പ്രതികള്‍ കൊലപ്പെടുത്തിയത്.
ചെന്നൈയില്‍ പിടിയിലായ 22കാരന് ഷിബിലിയെയും പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും തിരൂരിലെത്തിച്ചതോടെ നേരം പുലരാന്‍ പോലും അന്വേഷണ സംഘം കാത്തിരുന്നില്ല. പ്രമാദമായ കേസില്‍ പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അധിക നേരം പിടിച്ചുനില്ക്കാന് പ്രതികള്‍ക്കായില്ല. എന്തിന് കൊന്നു, എങ്ങനെ കൊന്നു, തെളിവുകള്‍ നശിപ്പിച്ചത് എവിടെ എന്നെല്ലാം ഒന്നിന് പിറകെ ഒന്നായി മലപ്പുറം എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തുറന്നുപറഞ്ഞു. പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലുന്ന കൊലപാതകമാണ് ഫര്‍ഹാനയും ഷിബിലിയും ആഷിക്കും ചേര്‍ന്ന് നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
സിദ്ദിഖും ഫര്‍ഹാനയുടെ അച്ഛനും പണ്ടേ സുഹൃത്തുക്കളായിരുന്നു. ഈ പരിചയും സിദ്ദിഖിന് ഫര്‍ഹാനയോടുമുണ്ടായി. സാമ്പത്തികമായി നല്ല നിലയിലാണ് റസ്റ്റോറന്റ് ഉടമയായ സിദ്ദിഖെന്ന് 18കാരിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഹണി ട്രാപ്പില്‍ കുടുക്കാന്‍ തീരുമാനിച്ചത്. സിദ്ദിഖുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. ഫര്‍ഹാനയുടെ ആണ് സുഹൃത്തായ ഷിബിലിയും ആഷിഖും ഇതിന് എല്ലാവിധ പിന്തുണയും നല്കി. ഇതിന്റെ ഭാഗമായാണ് ഫര്‍ഹാന ഷിബിലിയെ സിദ്ദിഖിന്റെ ഒളമണ്ണയിലെ ഹോട്ടലില്‍ ജോലിക്ക് കയറ്റിയത്. പിന്നെ ആസൂത്രണത്തിന്റെ ദിവസങ്ങളായിരുന്നു.
ഹോട്ടലില്‍ മുറിയെടുക്കണമെന്നും താന്‍ അങ്ങോട്ടേക്ക് വരാമെന്നും ഫര്‍ഹാന സിദ്ദിഖിനോട് പറയുന്നു. രണ്ട് മുറിയെടുക്കാനും നിര്‍ദേശം നല്കി. ഇതനുസരിച്ചാണ് 18ആം തീയതി എരഞ്ഞിപ്പാലത്തെ ഡി കാസയിലെ റൂം നമ്പര്‍ മൂന്നും നാലും സിദ്ദിഖ്
എടുക്കുന്നത്. ഫര്‍ഹാനയെ പ്രതീക്ഷിച്ച് വൈകീട്ട് ഹോട്ടലില്‍ എത്തിയ സിദ്ദിഖ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ആ ഹോട്ടലില്‍ ഷിബിലിയും ആഷികുമുണ്ടായിരുന്നു. ഹണി ട്രാപ്പാണെന്നും താന്‍ പറ്റിക്കപ്പെടുകയായിരുന്നെന്നും സിദ്ദിഖ് മനസിലാക്കുന്നത് അപ്പോള്‍ മാത്രമാണെന്ന് പൊലീസ് പറയുന്നു.
സിദ്ദിഖിന്റെ നഗ്ന ഫോട്ടെ എടുത്ത് വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ചെറുത്തുനില്‍ക്കാനായി ചുറ്റികയുമായിട്ടായിരുന്നു ഹോട്ടല്‍ മുറിയിലേക്ക് 18കാരി ഫര്‍ഹാന എത്തിയത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫര്‍ഹാനയാണ് ചുറ്റിക എടുത്ത് നല്‍കിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലക്ക് ശേഷം പ്രതികള്‍ പുറത്തു പോയി മൃതദേഹം മുറിക്കാന്‍ ഇലട്രിക് കട്ടറും ട്രോളിയും വാങ്ങി.
ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വെച്ച് മൃതദേഹം ക്ഷണങ്ങളാക്കി ട്രോളിയില്‍ കുത്തി നിറച്ചു. പിറ്റേന്ന്, അതായത് 19 ആം തീയതി ട്രോളി ബാഗിലാക്കിയ മൃതദേഹം സിദ്ദിഖിന്റെ തന്നെ കാറിലെ ഡിക്കിയില്‍ കയറ്റി. തുടര്‍ന്ന് മൃതദേഹംഅട്ടപ്പാടി ചുരത്തില്‍ തള്ളി. ശേഷം സിദ്ധിക്കിന്റെ കാറില്‍ സുഹൃത്തുക്കള്‍ ഫര്‍ഹാനയെ വീട്ടില്‍ എത്തിച്ചു. അന്വേഷണം തങ്ങളിലേക്ക് എത്തുന്നു എന്നു മനസിലായപ്പോള്‍ 24ന് പുലര്‍ച്ചെ ഫര്‍ഹാനയും ഷിബിലിയും ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും അസമിലേക്ക് കടക്കാനായിരുന്നു പ്ലാന്‍. അതിനിടെയാണ് റെയില്‍വേ പൊലീസിന്റെ പിടിയിലാകുന്നത്. എന്തായാലും ഏറെ പ്രമാദമായ, കേരളം ഞെട്ടലോടെ കേട്ട സിദ്ദിഖ് കൊലപാതകത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാനും തെളിവ് കണ്ടെത്താനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലപ്പുറം പൊലീസ്.