
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്ത സഹോദരന്മാര് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത സഹോദരന്മാര് അറസ്റ്റില്‍. തെലങ്കാനയിലെ വാറങ്കലില്‍ മില്‍സ് കോളനി മേഖലയിലാണ് സംഭവം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. 27 ഉം 22 ഉം വയസുള്ള പ്രതികള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്നും ഇരയായ 15 വയസുകാരി പിന്നോക്ക വിഭാഗത്തില്‍ പെട്ടതാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി മുമ്പ് പലതവണ ബലാത്സംഗത്തിനിരയായതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി. പ്രതിയുടെ വീടും പ്രതിഷേധക്കാര്‍ തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഉടന്‍ തന്നെ പരാതി അന്വേഷിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ നിയമ പ്രകാരമുളള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.