പ്രായം കുറച്ച് പറയാൻ സെക്രട്ടറി ഉപദേശിച്ചു’; ആനാവൂരിനെ വെട്ടിലാക്കി ജെജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ

ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി അച്ചടക്ക നടപടിക്ക് വേധിയനായ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്നും ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണെന്നുമാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്. എന്നാൽ പ്രായം കുറച്ചു കാണിക്കാൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നു ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

എസ് എഫ് ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൈവശമുണ്ട്. പ്രായം കുറച്ച് പറയാൻ ഉപദേശിച്ചത് സിപിഎം ജില്ലാ സെകട്ടറി നാഗപ്പൻ സഖാവാണ്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. 26 വയസ് വരെ മാത്രേ എസ്എഫ്ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 വയസായി. ഞാൻ 1992 ലാണ് ജനിച്ചത്. വെട്ടിക്കളിക്കാൻ ആരുമില്ല. പഴയതുപോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലെന്നും അഭിജിത്ത് ഈ ശബ്ദരേഖയിൽ പറയുന്നുണ്ട്.

ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെജെ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്. അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച അഭിജിത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. ഫണ്ട് തിരിമറിയിൽ നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച് മരിച്ച വനിത അംഗത്തിന്‍റെ കുടുംബത്തിന് വീട് വയ്ക്കാൻ പിരിച്ച ഫണ്ട് വെട്ടിച്ചുവെന്നാണ് ആരോപണം. വിവാദങ്ങൾ ചര്‍ച്ച ചെയ്യാൻ അടുത്തമാസം 7 ,8 തീയതികളിൽ ജില്ലാ കമ്മിറ്റി വിളിച്ച് ചേര്‍ക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post ചാൾസ് ശോഭരാജ് ജയിൽ മോചിതനായി
Next post മാണി സി. കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വാഹനാപകടത്തിൽ മരിച്ചു