
പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല;രാഹുലിനെ പരിഹസിച്ച് മോദി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ കഴിഞ്ഞദിവസം ചിലരുടെ പ്രസംഗത്തിന് ശേഷം അവര്‍ക്ക് ചുറ്റുമുള്ളവരും പിന്തുണയ്ക്കുന്നവരും ഉല്ലാസോന്മാദത്തിലാണെന്ന് രാഹുലിനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാന്‍ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ സമയത്ത് ഉണരാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
‘ഇപ്പോള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല’- പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.