
പോലീസിന് നേരേ ആക്രമണം;എ.എസ്.ഐ.യ്ക്ക് പല്ല് നഷ്ടമായി
വാഹനാപകടം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് മൂന്നംഗ അക്രമിസംഘത്തിന്റെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റു. അക്രമികള്‍ പോലീസ് വാഹനവും തകര്‍ത്തു. ബത്തേരി കണ്‍ട്രോള്‍ യൂണിറ്റിലെ എ.എസ്.ഐ. തങ്കന്‍ (45), പോലീസ് ഡ്രൈവര്‍ അനീഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ മന്തണ്ടിക്കുന്ന് സ്വദേശികളായ ചെമ്മിക്കാട്ടില്‍ കിരണ്‍ ജോയി (23), കല്ലംകുളങ്ങര രഞ്ജു (32), പൂതിക്കാട് പാങ്ങോട്ട് ധനുഷ് (27) എന്നിവരെ അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി 9.30-ഓടെ ബീനാച്ചി പൂതിക്കാട് ജങ്ഷനിലാണ് സംഭവം. മൂന്നംഗസംഘം സഞ്ചരിച്ച വാഹനവും മറ്റൊരു കാറും തമ്മില്‍ പൂതിക്കാട് ജങ്ഷനില്‍വെച്ച് കൂട്ടിയിടിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനിടെ, മൂന്നംഗ അക്രമിസംഘം പോലീസിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയുധംകൊണ്ടുള്ള അടിയേറ്റ് പോലീസ് ഡ്രൈവറുടെ വലതു കൈപ്പത്തിക്ക് പൊട്ടലുണ്ട്. എ.എസ്.ഐ.യുടെ മുന്‍നിരയിലെ പല്ല് നഷ്ടമായി.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗസംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ഇവര്‍ വാഹനത്തിന്റെ ചില്ല് ചവിട്ടിപ്പൊട്ടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ പോലീസുകാര്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.