
പോലീസിനു മരണമൊഴി നൽകി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു.
ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമല്‍ജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണില്‍ സംസാരിച്ച പോലീസുകാരന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോണ്‍ കോള്‍ കട്ടാക്കിയതിന് ശേഷം എല്ലാവര്‍ക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താന്‍ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടര്‍ന്ന് അതുപോലെ ചെയ്തു. ഇതിനിടെ, വെങ്ങാനൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, പോലീസ് കണ്ടെത്തും മുന്‍പേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.
ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. താന്‍ ഇത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ തനിക്കെതിരേ മാത്രം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്തെന്നായിരുന്നു അമല്‍ജിത്തിന്റെ ആരോപണം. തന്റെ ഫോണ്‍കോള്‍ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു. അമല്‍ജിത്തിന്റെ ആരോപണങ്ങളെക്കുറിച്ചും കേസ് സംബന്ധിച്ചും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.