പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കേരള പൊലീസിലെ ഒരു സിഐക്ക് കൂടി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. വര്‍ക്കല അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയസനില്‍. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ എസ്എച്ച്ഒ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായതിനു പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സിഐക്കെതിരെ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി. സ്റ്റേഷനിലെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

പിന്നീട് ജയസനില്‍ വാക്കുമാറി. പോക്‌സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post അരിക്കൊമ്പനെ മയക്കുവെടിവെക്കും; ഉള്‍ക്കാട്ടില്‍ തുറന്നുവിടും, ജനം പുറത്തിറങ്ങരുതെന്ന് പൊലീസ്
Next post എമര്‍ജന്‍സി വാതില്‍ തുറന്നു; യാത്രക്കാര്‍ക്ക് ശ്വാസതടസ്സം