
പോക്സോ കേസ്: തട്ടിക്കൊണ്ടുപോയ കുട്ടിയെ ഗുരുവായൂരിൽ കണ്ടെത്തി
ഗുരുവായൂർ: പാലക്കാട് തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ കുട്ടിയെ കണ്ടെത്തി. ഗുരുവായൂരിൽനിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് ഇവരുണ്ടായിരുന്നതെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു.
പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പാലക്കാട്ടുനിന്ന് അതിജീവിതയായ 11 വയസുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ചേര്‍ന്നുള്ള സംഘം മുത്തശിയുടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയുടെ സംരക്ഷണം കോടതി മുത്തശിയെയാണ് ഏല്‍പ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയായ ചെറിയച്ഛന്‍ ഉള്‍പ്പടെ ആറുപേരെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.
എന്നാൽ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മാതാപിതാക്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.
കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
മുത്തശിയുടെ വീട്ടിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. എതിര്‍ക്കാന്‍ ശ്രമിച്ച മുത്തശിക്കും ഇവരുടെ മകള്‍ക്കും പരിക്കേറ്റു. കാറിലും ബൈക്കിലുമെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.