
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഒ.ടി.ടിയില്‍; സ്ട്രീമിങ് ആരംഭിച്ചു
കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗം ഒ.ടി.ടിയിലെത്തി. തിയേറ്ററില്‍ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ചിത്രം റെന്റ് ചെയ്ത് കാണാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ എല്ലാ സബ്സ്‌ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരമുണ്ട്. തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.