
പുത്തൻ ലുക്കും ഫൈറ്റുമായി പൃഥ്വിരാജിന്റെ കൊട്ട മധു; കാപ്പ ട്രെയ്‌ലറെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപ്പയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തിയിരിക്കുകയാണ്. ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ കാപ്പ ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്.